കൊച്ചി: കോടതി പറയുന്ന ദിവസം ഹാജരാവാൻ തയ്യാറാണെന്ന് യുവനടിയെ പീഡിപ്പിച്ച കേസിൽ പ്രതിസ്‌ഥാനത്തുള്ള നടനും നിർമാതാവുമായ വിജയ് ബാബു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.
അന്വേഷണ ഉദ്യോഗസ്‌ഥന്റെ മുൻപിൽ ഹാജരാവാൻ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ കേസ് ആദ്യം കോടതിയുടെ പരിധിയിൽ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മറുപടി.
ജോർജിയയിലുള്ള വിജയ് ബാബുവിനോട് കേരളത്തിൽ തിരികെയെത്താനുളള ടിക്കറ്റ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. ടിക്കറ്റ് ബുക്ക് ചെയ്‌താൽ ഉടനെ തന്നെ കേസ് പരിഗണിക്കാമെന്നും കോടതി ഉറപ്പ് നൽകി. ഹരജി പിന്നീട് പരിഗണിക്കാനായി മാറ്റി.
അതേസമയം, വിജയ് ബാബു നാളെ ഹാജരാകണമെന്നും, അല്ലാത്തപക്ഷം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് വ്യക്‌തമാക്കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കേസിൽ വിജയ് ബാബുവിനെ കണ്ടെത്താനായി നിലവിൽ ഊർജിത ശ്രമങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നത്.
Most Read: ശമ്പളമില്ല; മലബാർ ദേവസ്വം ജീവനക്കാർ വീണ്ടും സമരത്തിലേക്ക്







































