കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നൽകിയ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമാണെന്നും താന്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം ഹരജിയില്‍ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തനിക്ക് വിദഗ്‌ധ ചികിൽസ ആവശ്യമുണ്ടെന്നും അതിനാല്‍ തന്നെ ജാമ്യം അനുവദിക്കണമെന്നുമാണ് അദ്ദേഹം ഹരജിയിൽ പറയുന്നത്.
പാലാരിവട്ടം പാലം അഴിമതിയിൽ പങ്കുണ്ടെന്ന് സ്‌ഥാപിക്കാനുള്ള തെളിവുകൾ ഇല്ല, ഒന്നര കൊല്ലമായി അന്വേഷണം നടക്കുന്ന കേസിൽ ഇനി സാക്ഷികളെ സ്വാധീനിക്കാനോ കേസ് അട്ടിമറിക്കാനോ സാധ്യതയില്ലെന്നും ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകൻ പറയുന്നു. കരാറുകാരായ ആർഡിഎസ് കമ്പനിക്ക് അഡ്വാൻസ് തുക നൽകിയത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും ഹരജിയിൽ പറയുന്നുണ്ട്.
നേരത്തെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാന്‍ഡ് കാലാവധി ഈ മാസം 16ആം തീയതി വരെ നീട്ടി നൽകുകയായിരുന്നു.
Also Read: സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും