കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന കേസിൽ ഇബ്രാഹിം കുഞ്ഞ് നൽകിയ അപ്പീലിലാണ് കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക് അന്വേഷണ ഉത്തരവ് സ്‌റ്റേ ചെയ്‌തത്.
ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ വാദം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് എന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വാദം. കേസിൽ ഇബ്രാഹിം കുഞ്ഞിനെ നേരത്തേ ഇഡി ചോദ്യം ചെയ്‌തിരുന്നു. പാർട്ടി പത്രത്തിന്റെ അക്കൗണ്ടിലെ തുക പത്രത്തിന്റെ വരിസംഖ്യാ ഇനത്തിൽ ശേഖരിച്ച തുകയാണെന്ന് കാണിക്കുന്ന രേഖകൾ ഇബ്രാഹിം കുഞ്ഞ് ഇഡിക്കു മുൻപാകെ സമർപ്പിച്ചു.
പാർട്ടി പത്രത്തിന്റെ അക്കൗണ്ടിലേയ്‌ക്ക് 2016ൽ ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപ നിക്ഷേപിച്ചെന്നും ഇതു പാലാരിവട്ടം മേൽപാലം നിർമാണ ഇടപാടിൽ ലഭിച്ച കോഴപ്പണമാണെന്നും ആരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഓഗസ്‌റ്റ് 17ന് ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്.
Read Also: സ്വപ്‌ന സുരേഷിന് ജാമ്യം; ജയിൽ മോചിതയാവുന്നത് ഒരു വർഷത്തിന് ശേഷം