കൊച്ചി: വിവാദം കത്തി നിൽക്കെ ‘ദി കേരള സ്‌റ്റോറി’യുടെ പ്രിവ്യൂ ഷോ പ്രദർശനം കൊച്ചിയിൽ നടന്നു. എറണാകുളം ഷേണായീസ് തിയേറ്ററിൽ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പ്രദർശനം നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികളാണ് സിനിമ കാണാൻ എത്തിയത്. ബിജെപി നേതാക്കൾ ഉൾപ്പടെ സിനിമ കണ്ടു. സിനിമാ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ട പ്രകാരമാണ് കൊച്ചിയിൽ പ്രിവ്യൂ ഷോ ഒരുക്കിയതെന്നാണ് തിയേറ്റർ അധികൃതർ പറയുന്നത്.
കേരളത്തിൽ നടക്കുന്ന ആദ്യ പ്രിവ്യൂ ഷോ ആണ് ഇന്ന് നടന്നത്. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. ഷൈജു കെഎസ്, നടനും ബിജെപി അനുഭാവിയുമായ ഷിബു തിലകൻ എന്നിവരും സിനിമ കാണാനെത്തി. സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങൾക്ക് അടിസ്‌ഥാനമില്ലെന്ന് ഷിബു തിലകൻ സിനിമ കണ്ടതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് ചിത്രത്തിൽ ഉള്ളത്. വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. തനിക്ക് ക്ഷണം ലഭിച്ചതിനാലാണ് പ്രദർശനത്തിന് എത്തിയത്. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണിത്. പണ്ട് ഉണ്ടായിരുന്ന കേരളം ഇനിയും നിലനിൽക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. ഇതേ ആഗ്രഹം ഉള്ളവരെല്ലാം ‘ദി കേരള സ്‌റ്റോറി’ കാണണമെന്നും ഷിബു തിലകൻ പ്രതികരിച്ചു. ചിത്രം മെയ് അഞ്ചിന് തിയേറ്ററുകളിൽ എത്തും.
Most Read: എഐ ക്യാമറ വിവാദം; ‘കേരളം വാരാൻ പിണറായി’- രൂക്ഷ വിമർശനവുമായി കെ സുധാകരൻ