ന്യൂഡെൽഹി: ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം ബംഗാളിൽ നിരോധിച്ചു. ഏറെ വിവാദമായ സിനിമയുടെ പ്രദർശനം സംസ്ഥാനത്ത് വിലക്കിയതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി സിനിമ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്.
‘വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേത്. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിർത്താനാണ് സിനിമ നിരോധിക്കുന്നത്’- മമത വ്യക്തമാക്കി. കശ്മീർ ഫയൽസ് പോലെ ബംഗാളിനെതിരായ സിനിമക്ക് ബിജെപി പണം മുടക്കുന്നുവെന്നും മമത ബാനർജി ആരോപിച്ചു. സംസ്ഥാനത്തെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് മമത നിർദ്ദേശം നൽകി.
കേരളം ഉൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ സിനിമക്കെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുന്നുണ്ട്. അതേസമയം, ‘ദി കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തമിഴ്നാട്ടിലും നിരോധിച്ചിരുന്നു. തമിഴ്നാട്ടിൽ ചെന്നൈയിൽ 13 തിയേറ്ററുകളിലും കോയമ്പത്തൂരിൽ മൂന്ന് തിയേറ്ററുകളിലുമായി 16 തിയേറ്ററുകളിൽ ആയിരുന്നു ചിത്രം ചിത്രം റിലീസ് ചെയ്തിരുന്നത്.
സിനിമക്ക് നേരെ തുടരുന്ന പ്രതിഷേധം കണക്കിലെടുത്ത് തിയേറ്ററുകളുടെ സുരക്ഷ മുൻനിർത്തിയാണ് സിനിമ പിൻവലിക്കുന്നതെന്ന് തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീധർ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ 20 തിയേറ്ററുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ സിനിമക്കെതിരെ പ്രതിഷേധം ഉണ്ടായി. സംസ്ഥാനത്തെങ്ങും പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.
Most Read: താനൂർ ബോട്ട് ദുരന്തം; അന്വേഷിക്കാൻ പ്രത്യേക സംഘം- ബോട്ടുടമ അറസ്റ്റിൽ







































