വയനാട്: അമ്പലവയൽ ആയിരംകൊല്ലിയിൽ മുഹമ്മദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്‌ക്കും പെൺകുട്ടികൾക്കും അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ സംഘം. മുഹമ്മദിന്റെ മരണത്തിൽ മറ്റ് ദുരൂഹതകളില്ല. അമ്മയും പെൺകുട്ടികളും കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ പിതാവ് സുബൈറാണ് കൊലപാതകത്തിന് പിന്നിലെന്നുള്ള മുഹമ്മദിന്റെ കുടുംബത്തിന്റെ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും പോലീസ് അറിയിച്ചു.
ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. കൂടാതെ, പെൺകുട്ടികൾ കൊലപാതകത്തിന് ശേഷം പിതാവിനെ വിളിച്ച ഫോൺ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, കൊലപാതകത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് മുഹമ്മദിന്റെ കുടുംബം ആരോപിച്ചിരുന്നു. അമ്മയും മക്കളും ചേർന്ന് മാത്രം ഇത്തരമൊരു കൊല നടത്തില്ലെന്നും സംഭവത്തിൽ മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്നുമായിരുന്നു ആരോപണം.
എന്നാൽ അന്വേഷണത്തിൽ മറ്റാരുടെയും പങ്ക് ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടില്ല. നാളുകളായി കുടുംബത്തിൽ നിലനിന്ന കലഹമാണ് കൊലയ്‌ക്ക് കാരണമെന്നാണ് അന്വേഷണ സംഘം വ്യക്‌തമാക്കുന്നത്. ഇന്നലെ അമ്മയും മക്കളെയും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലയ്‌ക്ക് ഉപയോഗിച്ച കോടാലിയും മൃതദേഹാവശിഷ്‌ടങ്ങള്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ ബാഗും കണ്ടെടുത്തു. മൃതദേഹത്തില്‍ നിന്നും കാല്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു. ഇതിനിടെ കൊല്ലപ്പെട്ട മുഹമ്മദിന്റെ ഫോൺ കണ്ടെടുത്തു.
ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്. അമ്മയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് തടഞ്ഞപ്പോൾ പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളും 68 വയസുകാരനായ മുഹമ്മദും തമ്മിൽ ഉന്തും തള്ളും ഉണ്ടായെന്നാണ് മൊഴി. വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് പെൺകുട്ടികൾ മുഹമ്മദിന്റെ തലയ്‌ക്കടിക്കുക ആയിരുന്നുവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. മൃതദേഹം ചാക്കിൽ കെട്ടി വീടിനടുത്തുള്ള പൊട്ടക്കിണറ്റിൽ തള്ളിയ നിലയിലായിരുന്നു. കാൽ മുറിച്ചുമാറ്റി വീടിന് തൊട്ടടുത്തുള്ള മാലിന്യ പ്ളാന്റിന് സമീപവും ഉപേക്ഷിച്ചു. പിന്നീട് മൂന്ന് മണിയോടെ അമ്മയും പെൺകുട്ടികളും പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
Most Read: ഏറ്റുമുട്ടൽ; കശ്‌മീരിൽ 6 ഭീകരരെ സുരക്ഷാ സേന വധിച്ചു







































