തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് പിണറായി വിജയനിലുള്ള വിശ്വാസ്യത നഷ്‌ടപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കേരളത്തിലെ ജനങ്ങൾ ഇപ്പോഴത്തെ സർക്കാരിൽ അതൃപ്‌തരാണെന്നും മന്ത്രിമാരും സ്‌പീക്കറുമൊക്കെ ആരോപണ നിഴലിലാണെന്നും നദ്ദ തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ ശബരിമല നിയമനിർമാണം, സംസ്‌ഥാന ബിജെപിയിലെ വിഭാഗീയത തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയില്ല.
‘കേന്ദ്ര ഏജൻസികളെ കേരളത്തിലേക്ക് ക്ഷണിച്ചത് പിണറായിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ അന്വേഷണം എത്തിയപ്പോഴാണ് ഏജൻസികൾക്ക് നേരെ തിരിഞ്ഞത്. വിവിധ അഴിമതികൾ സർക്കാരിന് മേലുണ്ട്. സ്വന്തം പോക്കറ്റ് നിറക്കാൻ ആണ് കേരളത്തിലെ മന്ത്രിമാരുടെ ശ്രമം. ഭരണഘടനാ സ്‌ഥാപനങ്ങളെ മുഖ്യമന്ത്രി കടന്നാക്രമിക്കുകയാണ്. സിഎജിക്കെതിരായ പ്രമേയം ഭരണഘടനാ വിരുദ്ധമാണ്’; നദ്ദ പറയുന്നു. ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ ജെപി നഡ്ഡക്ക് ഊഷ്‌മളമായ സ്വീകരണമാണ് ബിജെപി നൽകിയത്.
യുഡിഎഫ് നേതാക്കൾക്കെതിരെയും നഡ്ഡ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ശബരിമല വിഷയത്തിൽ കോൺഗ്രസ് വിശ്വാസികളെ പിന്നിൽ നിന്ന് കുത്തി. അതേസമയം ബിജെപി ശബരിമല വിഷയത്തിൽ നിയമനിർമാണം നടത്തുമോയെന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. കേരളത്തിലെ മൂന്നാം ശക്‌തിയായി ബിജെപി ഉയർന്നു. സംസ്‌ഥാനത്ത് ബിജെപിക്ക് അനുകൂലമായ വലിയ മാറ്റമാണ് ഉണ്ടായതെന്നും നദ്ദ പറഞ്ഞു.
Read also: തൊഴിൽ മേഖലയിലെ കാര്യക്ഷമതക്ക് തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരം; ടിപി രാമകൃഷ്‌ണൻ