ന്യൂ ഡെല്‍ഹി: രാജ്യത്ത് പൗരന്‍മാര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ടെങ്കിലും അത് പരമമായ അവകാശമല്ലെന്ന് സുപ്രീം കോടതി. എല്ലാ പ്രതിഷേധങ്ങളും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഡെല്‍ഹിയിലെ ഷഹീന്‍ബാഗില്‍ വെച്ച് നടന്ന പ്രതിഷേധ സമരത്തിനെ ചോദ്യം ചെയ്‌തു നല്‍കിയ ഹരജി പരിഗണിക്കുന്ന വേളയിലാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയത്.
മാര്‍ച്ചില്‍ നല്‍കിയ ഹരജിക്ക് നിലവില്‍ പ്രസക്തിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സര്‍ക്കാരിന് വേണ്ടി വാദിച്ചു. എന്നാല്‍ രാജ്യത്തില്‍ ഇപ്പോഴും വിവിധയിടങ്ങളില്‍ ഇത്തരം പ്രതിഷേധ സമരങ്ങള്‍ അരങ്ങേറുന്നുവെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കര്‍ഷക സമരവും ഇവര്‍ കോടതിയില്‍ ഉന്നയിച്ചു. തുടര്‍ന്നാണ് സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്ന പ്രതിഷേധങ്ങളെ കോടതി എതിര്‍ത്തത്. ഇത്തരം പ്രതിഷേധത്തിന് പൊതുനയം നടപ്പിലാക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
Read Also: ഇനിയും ജനം ഉണർന്നില്ലെങ്കിൽ മോദിയും കോവിഡും മാത്രമേ ശേഷിക്കൂ; സിൻഹ