തിരുവനന്തപുരം: കെഎസ്ഇബിയിൽ സമരം തുടരാൻ ഓഫിസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. സംസ്‌ഥാന പ്രസിഡണ്ട് എംജി സുരേഷ്‌കുമാറിന്റേയും അസോസിയേഷൻ നേതാവ് ജാസ്‌മിൻ ബാനുവിന്റേയും സസ്‌പെൻഷൻ പിൻവലിച്ചുവെങ്കിലും സ്‌ഥലംമാറ്റം അംഗീകരിക്കില്ലെന്നാണ് സംഘടനയുടെ നിലപാട്. തിങ്കളാഴ്‌ച മുതൽ മറ്റു പ്രക്ഷോഭങ്ങളിലേക്ക് കടക്കാനാണ് തീരുമാനം.
സമരം ഒത്തുതീർപ്പാക്കാൻ ഓഫിസർമാരുടെ സംഘടനകളുമായി മാനേജ്‌മെന്റ് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എക്‌സിക്യുട്ടീവ് എഞ്ചിനീയറും അസോസിയേഷൻ നേതാവുമായ ജാസ്‌മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത് ചർച്ചയിൽ അറിയിച്ചു. എന്നാൽ തിരുവനന്തപുരം ഡിവിഷനിൽ നിന്നും സീതത്തോട് ഡിവിഷനിലേക്ക് സ്‌ഥലംമാറ്റിയത് അംഗീകരിക്കില്ലെന്നായിരുന്നു അസോസിയേഷന്റെ തീരുമാനം.
ചർച്ചയ്‌ക്ക് ശേഷം എംജി സുരേഷിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. എന്നാൽ വൈദ്യുതി ബോർഡ് ആസ്‌ഥാനത്തു നിന്നും പെരിന്തൽമണ്ണയിലേക്ക് സ്‌ഥലംമാറ്റി. സംസ്‌ഥാന സെക്രട്ടറി ബി ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻരവലിച്ചിട്ടുമില്ല. അതിനാൽ തന്നെ സമരം ശക്‌തമാക്കാനാണ് തീരുമാനം. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ജാസ്‌മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചത്.
സ്‌ഥലം മാറ്റത്തിനെതിരെ ജാസ്‌മിൻ ബാനു ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ തിങ്കളാഴ്‌ച മുതൽ സമരം ശക്‌തമാക്കാനാണ് നീക്കം. സംയുക്‌ത സമര സഹായ സമിതിയുമായി കൂടിയാലോചിച്ച ശേഷമാകും ഇത് തീരുമാനിക്കുക. റിലേ സത്യാഗ്രഹത്തിന് പകരം അനിശ്‌ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങുന്നതും പരിഗണനയിലാണ്.
Read Also: ഐപിഎൽ; ഇന്ന് ഗുജറാത്ത്- രാജസ്‌ഥാൻ പോരാട്ടം