കണ്ണൂർ: പൊള്ളാച്ചിയിൽ ബികോം വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ. ഇടയാർപാളയം സ്വദേശി സുജയ് (30), ഇയാളുടെ ഭാര്യ രേഷ്മ (25) എന്നിവരെയാണ് കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ ഇടയാർപാളയം സ്വദേശിയും പൊള്ളാച്ചി സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർഥിയും ആയിരുന്ന സുബ്ബലക്ഷ്മിയെ (20) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
മെയ് രണ്ടിനാണ് സുബ്ബലക്ഷ്മിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ വ്യാപാരിയായ സുജയിന്റെ അപ്പാർട്ട്മെന്റിൽ നിന്ന് രാത്രിയോടെ പെൺകുട്ടിയുടെ അലർച്ച കേട്ട അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് മഹാലിംഗപുരം പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കൊലപാതകത്തിന് ശേഷം സുജയ്യും രേഷ്മയും നാടുവിടുകയായിരുന്നു എന്നാണ് സൂചന.
എന്നാൽ, കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇരുവരും കണ്ണൂർ ജില്ലയിൽ പ്രവേശിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് എസ്പിയുടെ നിർദ്ദേശപ്രകാരം പോലീസ് പരിശോധന നടത്തുകയായിരുന്നു. ടൗൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽ നിന്ന് ഇന്ന് പുലർച്ചയോടെ ഇരുവരെയും പിടികൂടിയത്. ഇവരെ തമിഴ്നാട് പോലീസിന് കൈമാറി.
Most Read: ജന്തർ മന്തറിൽ സംഘർഷാവസ്ഥ തുടരുന്നു; വഴികൾ അടച്ചു- മാദ്ധ്യമ പ്രവർത്തകർക്കും വിലക്ക്







































