മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്ളാസ് റൂമിൽ വച്ച് മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപിക. വൈറൽ ക്ളിപ്പ് വർഗീയമായി വളച്ചൊടിച്ചുവെന്ന് അധ്യാപിക ത്രിപ്ത ത്യാഗി സംഭവത്തെ ന്യായീകരിച്ചു. കുട്ടി ഗൃഹപാഠം ചെയ്യാത്തതിനാലാണ് വിദ്യാർഥികളോട് തല്ലാൻ ആവശ്യപ്പെട്ടത്. ഇതൊന്നും അത്ര വലിയ പ്രശ്നമാക്കേണ്ട കാര്യമില്ലെന്നും അധ്യാപിക ത്രിപ്ത ത്യാഗി പ്രതികരിച്ചു.
തന്റെ നടപടി വർഗീയ സ്വഭാവമുള്ളതാണെന്ന ആരോപണം നിഷേധിച്ച അധ്യാപിക, കുട്ടികളോട് കർക്കശമായി പെരുമാറാൻ രക്ഷിതാക്കളിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നതായും വ്യക്തമാക്കി. ‘ഞാൻ വികലാംഗയാണ്, അതിനാൽ ഗൃഹപാഠം ചെയ്യാതിരുന്ന കുട്ടിയെ തല്ലാൻ ചില വിദ്യാർഥികളോട് ആവശ്യപ്പെട്ടു. ഇനിയൊരിക്കലും ഗൃഹപാഠം ചെയ്യാൻ അവൻ മറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. മുഴുവൻ വീഡിയോയിൽ നിന്ന് വർഗീയ ആംഗിൾ വരുന്ന ഭാഗം മാത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്’- അധ്യാപിക പ്രതികരിച്ചു.
‘കുട്ടിയുടെ കസിൻ ക്ളാസിൽ ഇരിക്കുകയായിരുന്നു. വീഡിയോ എടുത്തത് അയാളാണ്. അത് പിന്നീട് വളച്ചൊടിക്കുകയായിരുന്നു. ഇതൊരു ചെറിയ പ്രശ്നമാണ്. വീഡിയോ വൈറലായതിന് ശേഷം അത് പെരുപ്പിച്ചു കാണിക്കുകയാണ്. എനിക്ക് മറ്റു ഉദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല. അവരെല്ലാം എന്റെ കുട്ടികളെ പോലെയാണ്. ഞാൻ എന്റെ തെറ്റ് അംഗീകരിക്കുന്നു. പക്ഷേ ഇത് അനാവശ്യമായി ഒരു വലിയ പ്രശ്നമാക്കി മാറ്റി’- അവർ വിശദീകരിച്ചു.
വിഷയത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ട്വീറ്റ് ചെയ്യുന്നത് അത്ര വലിയ കാര്യമല്ല. ഇത്തരം ദൈനംദിന വിഷയങ്ങൾ വൈറലായാൽ അധ്യാപകർ എങ്ങനെ പഠിപ്പിക്കുമെന്നും അധ്യാപിക ചോദിച്ചു. അതേസമയം, അധ്യാപികക്കെതിരെ കേസെടുത്തതായി മുസാഫർനഗർ ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗാരി പറഞ്ഞു. സ്കൂളിനെതിരെ ആരോപണം ഉന്നയിക്കില്ലെന്ന് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും തന്റെ കുട്ടിയെ ഇനി ഈ സ്കൂളിലേക്ക് അയക്കേണ്ടതില്ലെന്നാണ് അവരുടെ തീരുമാനം.
Most Read| മാനന്തവാടി ജീപ്പ് അപകടം; മരിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കും- എകെ ശശീന്ദ്രൻ