മുസ്​ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥനെ നിയോഗിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

By Trainee Reporter, Malabar News
teacher brutality
Ajwa Travels

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച്​ രണ്ടാം ക്‌ളാസുകാരനായ മുസ്​ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട്​ അടിപ്പിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥനെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു മഹാത്‌മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി നൽകിയ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനമുണ്ടായത്. ഉയർന്നുവന്ന ആരോപണങ്ങൾ ശരിയാണെങ്കിൽ അത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സംഭവം ഗൗരവമേറിയതും ആശങ്കാജനകവുമാണെന്നും വ്യക്‌തമാക്കിയ കോടതി, ഇത് ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്‌നമാണെന്നും ചൂണ്ടിക്കാട്ടി.

അടിയേറ്റ കുട്ടിക്കും സംഭവത്തിൽ ഉൾപ്പെട്ട മറ്റു വിദ്യാർഥികൾക്കും പ്രൊഫഷണൽ കൗൺസിലർമാരെക്കൊണ്ട് കൗൺസിലിങ് നടത്താൻ കോടതി യുപി സർക്കാരിന് നിർദ്ദേശം നൽകി. കൂടാതെ, വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകിയത് സംബന്ധിച്ച റിപ്പോർട് സമർപ്പിക്കാനും, മർദ്ദനത്തിനിരയായ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.

അതേസമയം, കുട്ടിയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങൾ എഫ്‌ഐആറിൽ ഉൾപ്പെടുത്താതിരുന്നതിലും കോടതി എതിർപ്പ് അറിയിച്ചു. മതത്തിന്റെ പേരിലാണ് മകൻ മർദ്ദിച്ചതെന്ന് പിതാവ് മൊഴി നൽകിയിരുന്നെങ്കിലും എഫ്‌ഐആറിൽ അത് പരാമർശിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പ് നൽകുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്‌ഥകൾ പാലിക്കുന്നതിൽ യുപി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണിതെന്നും കോടതി വിമർശിച്ചു.ഒക്‌ടോബർ 30ന് ഹരജി വീണ്ടും പരിഗണിക്കും.

അതിനിടെ, സംഭവത്തിൽ പ്രതിയായ അധ്യാപിക ത്രിപ്‌ത ത്യാഗിക്കെതിരെ 2015ലെ ജുവനൈൽ ജസ്‌റ്റിസ്‌ നിയമത്തിലെ കർശനമായ സെക്ഷൻ 75 കൂടി ചുമത്തിയിരുന്നു. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. കഴിഞ്ഞ മാസമാണ് ഉത്തർപ്രദേശിലെ മുസാഫർ നഗറിലെ നേഹ പബ്ളിക് സ്‌കൂളിൽ വിവാദമായ സംഭവം നടന്നത്. ക്ളാസ് മുറിയിൽ വെച്ച് അധ്യാപിക മറ്റു വിദ്യാർഥികളോട് മുസ്‌ലിം വിദ്യാർഥിയെ അടിക്കാൻ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്.

രണ്ടാം ക്ളാസ് വിദ്യാർഥിയാണ് മർദ്ദനത്തിനിരയായത്. സംഭവത്തിൽ പ്രതിഷേധം ശക്‌തമായതോടെയാണ് അധ്യാപികക്കെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് അധ്യാപികക്കെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നത്‌. പിന്നാലെ ജുവനൈൽ ജസ്‌റ്റിസ്‌ ആക്‌ട് കൂടി ഉൾപ്പെടുത്തുകയായിരുന്നു.

Most Read| ഏഷ്യന്‍ ഗെയിംസില്‍ ചരിത്രംപിറന്നു; വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE