മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ക്‌ളാസ് റൂമിൽ വച്ച് രണ്ടാം ക്‌ളാസുകാരനായ മുസ്‌ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി അധ്യാപിക ത്രിപ്‌ത ത്യാഗി. വീഡിയോ സന്ദേശത്തിലൂടെയാണ് അധ്യാപിക തന്റെ മാപ്പപേക്ഷ നടത്തിയത്. തെറ്റ് ചെയ്‌തെന്നും, വർഗീയത ലക്ഷ്യമിട്ടില്ലായിരുന്നുവെന്നും അധ്യാപിക വീഡിയോയിൽ പറഞ്ഞു.
‘ഞാൻ തെറ്റ് ചെയ്‌തു. എന്നാൽ, അതിൽ വർഗീയലക്ഷ്യം ഉണ്ടായിരുന്നില്ല. ഭിന്നശേഷിക്കാരിയായതിനാൽ എഴുന്നേൽക്കാൻ കഴിയാത്തതുകൊണ്ടാണ് മറ്റൊരു കുട്ടിയോട് അവനെ അടിക്കാൻ ആവശ്യപ്പെട്ടത്. അത് അവൻ പഠിക്കാൻ വേണ്ടിയായിരുന്നു. എന്നാൽ, തെറ്റ് പറ്റിയെന്ന് കൂപ്പുകൈകളോടെ അംഗീകരിക്കുന്നു. എന്റെ പ്രവൃത്തിയിൽ ഹിന്ദു-മുസ്‌ലിം വേർതിരിവ് ഇല്ലായിരുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ പ്രശ്‌നം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പ്രചരിച്ചത്’- അധ്യാപിക ത്രിപ്‌ത ത്യാഗി പറഞ്ഞു.
അതേസമയം, പല മുസ്‌ലിം വിദ്യാർഥികൾക്കും സ്‌കൂളിൽ ഫീസ് നൽകാൻ സാഹചര്യമില്ലാത്തതിനാൽ സൗജന്യമായാണ് പഠിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അതിനിടെ, സ്‌കൂൾ ഉടമ കൂടിയായ അധ്യാപികയുടെ വീഡിയോ ഹിന്ദു-മുസ്‌ലിം സ്‌പർധ വളർത്താൻ കാരണമായെന്ന് കാണിച്ചു പോലീസ് കേസെടുത്തിട്ടുണ്ട്. മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളും ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. വിവാദത്തെ തുടർന്ന് സ്‌കൂൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!