വയനാട്: കടുവാ ഭീതി മാറാതെ കുറുക്കൻമൂല. രണ്ടാഴ്‌ചയോളമായി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്‌ഥാപിച്ചെങ്കിലും ഇവിടെ ആശങ്ക ഒഴിയുന്നില്ല. പ്രദേശത്ത് ഇന്നലെയും കടുവ ഇറങ്ങി ആടിനെ കൊന്നിരുന്നു. പടമല പാറേക്കാട്ട് അന്നക്കുട്ടിയുടെ ആടിനെയാണ് ഇന്നലെ പുലർച്ചെ കടുവ കൊന്നത്. ഇതിനിടെ കടുവയെ പിടികൂടാനായി കാവേരിപൊയിലിൽ ഇന്നലെ വൈകിട്ട് രണ്ടാമത്തെ കൂടും സ്‌ഥാപിച്ചു.
പയ്യമ്പള്ളി, കുറുക്കൻമൂല, ചേറൂർ പ്രദേശങ്ങളെയാണ് കടുവ ആഴ്‌ചയോളമായി ഭീതിയിലാക്കിയത്. പ്രദേശത്ത് നൂറിലേറെ വനപാലകർ ക്യാമ്പ് ചെയ്യുന്നുണ്ട്. പലയിടത്ത് നിന്നും ലഭിച്ച കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചതിൽ ഒരേ കടുവ തന്നെയാണ് പ്രദേശത്ത് ഭീതി വിതയ്‌ക്കുന്നതെന്നാണ് വനപാലകരുടെ അനുമാനം. അതേസമയം, ക്യാമറയിൽ കടുവയുടെ ദൃശ്യം പതിയാത്തതും കടുവയെ കുരുക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.
കാടിനുള്ളിലേക്ക് കടുവയെ ആകർഷിക്കാനായി ജീവനുള്ള ആടിനെ ഇരയായി കെട്ടിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് കുറുക്കൻമൂലയിലെ വടയാപറമ്പിലെ ബൈജുവിന്റെ വളർത്തു നായയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഭീതി വിതയ്‌ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഇതിനായി ചീഫ് ഫോറസ്‌റ്റ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആയുധങ്ങളുമായി സംഘം തിരച്ചിൽ നടത്തിയെങ്കിലും കടുവയെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം കൂട് സ്‌ഥാപിച്ച ചെറൂരിൽ നിന്ന് രണ്ട് കിലോമീറ്ററോളം മാറിയാണ് ഇന്നലെ ആടിനെ കൊന്നത്. 14 ദിവസങ്ങൾക്കിടെ 12 വളർത്തു മൃഗങ്ങളെയാണ് കടുവ കൊന്നത്. കടുവ ശല്യത്തിന് പരിഹാരം തേടി മാനന്തവാടി-മൈസൂരു പാതയിൽ നാട്ടുകർ റോഡ് ഉപരോധിച്ചിരുന്നു. കടുവാ ഭീതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ ചേറൂർ, കുറുവ, കാടൻകൊല്ലി, കുറുക്കൻമൂല പ്രദേശങ്ങളിൽ മൂന്ന് ദിവസത്തേക്ക് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Most Read: ലഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്ങിന് രാജ്യത്തിന്റെ ആദരം; സംസ്‌കാരം പൂർത്തിയായി









































