ന്യൂഡെൽഹി: കുനൂരിലെ ഹെലികോപ്‌ടർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തിനൊപ്പം കൊല്ലപ്പെട്ട ലഫ്‌റ്റനന്റ് കേണൽ ഹർജീന്ദർ സിങ്ങിന് ആദരാഞ്‌ജലി അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡെൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ ഹർജീന്ദർ സിങ്ങിന്റെ ഭൗതികദേഹത്തിൽ പ്രതിരോധ മന്ത്രി പുഷ്‌പചക്രം അർപ്പിച്ചു.
ഇന്ത്യൻ കരസേനാ മേധാവി ജനറൽ എംഎം നരവാനെ, ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി, ഇന്ത്യൻ നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ, മറ്റ് സൈനിക ഉദ്യോഗസ്‌ഥരും ലെഫ്‌റ്റനന്റ് കേണൽ ഹർജീന്ദർ സിങ്ങിന് ആദരാഞ്‌ജലികൾ അർപ്പിച്ചു.പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
ലഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്ങ്, ഹവീല്‍ദാര്‍ സത്‌പാല്‍ റായ്, നായിക് ഗുര്‍സേവത് സിങ്, നായിക് ജിതേന്ദ്ര സിങ് കുമാര്‍ എന്നിവരുടെ മൃതദേഹങ്ങൾ ഡിഎന്‍എ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഇന്ന് രാവിലെയാണ് സൈനികരുടെ കുടുംബങ്ങള്‍ക്ക് മൃതദേഹങ്ങള്‍ കൈമാറിയത്.
അപകടത്തില്‍ മരിച്ച ആറ് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസം സംസ്‌കാര ചടങ്ങുകള്‍ക്കായി നാടുകളിലേക്ക് അയച്ചിരുന്നു. മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫിസർ പ്രദീപിന്റേത് ഉൾപ്പടെയാണിത്. ഡിസംബര്‍ എട്ടിനാണ് സംയുക്‌ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 14 പേര്‍ മരിച്ച ഹെലികോപ്‌ടര്‍ അപകടം.
പരിക്കുകളോടെ രക്ഷപ്പെട്ട വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്‌റ്റന്‍ വരുണ്‍ സിങ് ബെംഗളൂരുവില്‍ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിൽസയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്‌ടർമാർ.
Also Read: തമിഴ്‌നാട്ടില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു