കോഴിക്കോട്: ജില്ലയുടെ നിപ വിമുക്തി പ്രഖ്യാപനം ഈ മാസം 26ന് നടക്കും. നിപ ഇൻക്യൂബേഷൻ കാലയളവ് പൂർത്തിയാവുകയാണ്. ഇതോടെ, രണ്ടാം തവണയും കോഴിക്കോട് ജില്ലയെ ആശങ്കയിലാഴ്ത്തിയ നിപാ കാലം ഔദ്യോഗികമായി അവസാനിക്കുന്നതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട്ടുകാർ.
ജില്ല നിപ വിമുക്തമായതിന്റെ പ്രഖ്യാപനം 26ന് ഉച്ചക്ക് 2.30ന് കോഴിക്കോട് മെഡിക്കൽ കോളേജ് അറോറ ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ചിന്റെ ഉൽഘാടനവും നടക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരും പങ്കെടുക്കും. പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെ ചടങ്ങിൽ ആദരിക്കും.
സെപ്റ്റംബർ 12-നാണ് ജില്ലയിൽ നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. നിപയുടെ രണ്ടാംഘട്ടം വലിയ രീതിയിൽ ആളുകളെ ആശങ്കയിലാക്കിയിരുന്നു. അതിനിടെ, വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. കോഴിക്കോട് മരുതോങ്കരയിൽ നിന്ന് പിടിച്ച വവ്വാലുകളുടെ സാമ്പിളുകളിലാണ് നിപ ആന്റിബോഡി കണ്ടെത്തിയത്. 57 സാമ്പിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സ്ഥിരീകരിച്ചത്.
സെപ്റ്റംബർ 21നാണ് വവ്വാലുകൾ, കാട്ടുപന്നി എന്നിവ ഉൾപ്പടെയുള്ളവയുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. ആദ്യം നിപ ബാധിച്ചു മരിച്ച മുഹമ്മദാലിയുടെ പ്രദേശമായ മരുതോങ്കരയിൽ നിന്നാണ് പ്രധാനമായും സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. ആദ്യം നിപ ബാധിച്ചു മരിച്ച മുഹമ്മദാലിയുടെ പ്രദേശമായ മരുതോങ്കരയിൽ നിന്നാണ് പ്രധാനമായും സാമ്പിളുകൾ ശേഖരിച്ചത്. മരിച്ച മുഹമ്മദാലിയുടെ മകനും, ഭാര്യാ സഹോദരനും രോഗമുക്തരായി ഈയിടയ്ക്ക് ആശുപത്രി വിട്ടിരുന്നു.
Most Read| ‘ഇസ്രയേലിന് സ്വയം പ്രതിരോധനത്തിന് അവകാശമുണ്ട്’; പുതിയ നിലപാടുമായി ചൈന








































