തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ലോറി ഡ്രൈവറായ ജോയ് എന്നയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡ്രൈവറെ കസ്‌റ്റഡിയിലെടുത്തത്. ലോറിയും ഡ്രൈവറെയും നേമം പോലീസ് സ്‌റ്റേഷനിലെത്തിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രദീപിനെ ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാഹനം പിടികൂടുകയും ഡ്രൈവറെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തത്.
തിങ്കളാഴ്‌ച ഉച്ചക്ക് ശേഷം മൂന്നരക്കായിരുന്നു അപകടം. തിരുവനന്തപുരം കാരക്കാ മണ്ഡപത്തിൽ വച്ചാണ് വാഹനാപകടം ഉണ്ടായത്. സിഗ്‌നലിന് സമീപത്ത് വച്ച് പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ ലോറി ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ട്രാഫിക് സിസിടിവി ഇല്ലാത്ത സ്‌ഥലം ആയിരുന്നതിനാൽ വാഹനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പോലീസിന് ലഭിച്ചിരുന്നത്. അതിനെ അടിസ്‌ഥാനമാക്കി ആയിരുന്നു അന്വേഷണം.
Related News: എസ്‌വി പ്രദീപിന്റെ മരണം; ‘അസ്വാഭാവികത’ തീർത്തും ‘സ്വാഭാവികമാണ്’







































