എസ്‌വി പ്രദീപിന്റെ മരണം; ‘അസ്വാഭാവികത’ തീർത്തും ‘സ്വാഭാവികമാണ്’

By Desk Reporter, Malabar News
SV Pradeep Death
എസ്‌വി പ്രദീപ്
Ajwa Travels

തിരുവനന്തപുരം: നിരന്തരം സർക്കാരിനെതിരെ ശബ്‌ദിച്ചിരുന്ന ഒരു മാദ്ധ്യമ പ്രവർത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെടുമ്പോൾ സംശയം സ്വാഭാവികം. ഇടിച്ച വാഹനം തിരുവനന്തപുരം നഗരത്തിൽ നിന്ന് നിമിഷം നേരം കൊണ്ട് അപ്രത്യക്ഷമായതും ഒരേ ദിശയിൽ ഓടിക്കൊണ്ടിരുന്ന രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുന്നതും അസ്വാഭാവികത സംശയിക്കാൻ കൂടുതൽ കാരണമാകുന്നു.

നഗരത്തിൽ നിന്ന് അധികം ദൂരമില്ലാത്ത, നഗരഭാഗം എന്ന് വിശേഷിപ്പിക്കാവുന്ന നേമത്തുള്ള കാരയ്‌ക്കാ മണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. അപകടം നടക്കുന്നത് വൈകിട്ട്‌ നാലുമണിയോട് അടുത്ത സമയവും. റോഡിന് ഇരുവശവും നിരവധി സിസി ടിവികളുള്ള അനേകം സ്വകാര്യ സ്‌ഥാപനങ്ങളും വീടുകളും സ്‌ഥിതിചെയ്യുന്ന സ്‌ഥലം. എന്നിട്ടും, ഇടിച്ചു കടന്നുകളഞ്ഞ വാഹനത്തിനെ സംബന്ധിച്ച് ഇതുവരെ ഒരു സൂചന പോലും കണ്ടെത്താൻ ഭരണസിരാകേന്ദ്രത്തിലെ നഗരപോലീസിന് സാധിച്ചില്ലെങ്കിൽ ‘അസ്വാഭാവികത’ ആകാശത്തോളം ഉയരുന്നത് തീർത്തും ‘സ്വാഭാവികമാണ്’.

ആധികാരിക വാർത്തകളേക്കാൾ സെൻസേഷണലൈസ് വാർത്തകളുടെ തോഴനായിരുന്നു പ്രദീപ്. അത് കൊണ്ട് തന്നെ ഇദ്ദേഹം ചെയ്‌ത വാർത്തകളുടെ മുഖ്യപങ്കും വിവാദങ്ങളിൽ ഊന്നിയുള്ള വാർത്തകളായിരുന്നു. ഇദ്ദേഹം ജോലിനോക്കിയിരുന്ന മുഖ്യധാരാ മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക്‌ പരിധിവിട്ട വൈകാരിക വാർത്തകൾ ചെയ്യാൻ സാധിക്കില്ല. ഈ വിഷയത്തിൽ തർക്കിച്ചുകൊണ്ടാണ് പലപ്പോഴും പ്രദീപ് ജോലിവിട്ടിരുന്നത്. അതുകൊണ്ടു തന്നെ വളരെ ചെറിയ കാലയളവിൽ നിരവധി സ്‌ഥാപനങ്ങളിൽ പ്രദീപ് ജോലിനോക്കിയിട്ടുണ്ട്. ഈ രീതികളും പ്രദീപിന് ചുറ്റിലും ശത്രുക്കൾ പെരുകാൻ കരണമായിട്ടുണ്ടാകാം.

പ്രദീപ് ഒടുവിലായി ചെയ്‌ത വാര്‍ത്തയും സെൻസേഷണലൈസ് വാർത്തയായിരുന്നു. പിണറായി വിജയന്റെ വലംകൈ ആണെന്ന് പറയപ്പെടുന്ന സിനിമാ പ്രവര്‍ത്തകന്റെ സ്വര്‍ണക്കടത്തിലെ പങ്കിനെ പറ്റിയായിരുന്നു പ്രസ്‌തുത വാർത്ത. സ്വപ്‌നക്ക് ബംഗളൂരുവില്‍ അടക്കം ഒളിത്താവളം ഒരുക്കി നല്‍കുന്നതില്‍ പ്രധാനിയായ ഇയാള്‍ സിപിഎം നോമിനേഷനില്‍ നിയമസഭയിലേക്കോ രാജ്യസഭയിലേക്കോ മൽസരിക്കാൻ തയാറെടുക്കുന്ന ആളാണെന്നും പ്രദീപ് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഈ വാർത്തകൾ കേട്ട ഏതൊരാളും മരണത്തിൽ ദുരൂഹത കാണുകയും ശക്‌തമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നതിൽ സർക്കാർ അസ്വഭാവികത കാണേണ്ടതില്ല.

മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി എസ്‌വി പ്രദീപിന്റെ കുടുംബവും രാഷ്‌ട്രീയ നേതാക്കളും നിലവിൽ രംഗത്ത് എത്തിക്കഴിഞ്ഞ സ്‌ഥിതിക്ക് ഏറ്റവും സമർഥമായ, സംശയലേശമന്യേ പൊതുസമൂഹത്തിനും പ്രതിപക്ഷത്തിനും മാദ്ധ്യമ ലോകത്തിനും വിശ്വസിക്കാൻ കഴിയുന്ന ഒരു അന്വേഷണ സംഘത്തെ നിയോഗിക്കേണ്ടതും സംശയ ദുരീകരണം നടത്തേണ്ടതും സർക്കാർ ബാധ്യതയാണ്.

നിലവിൽ അന്വേഷണത്തിനായി സർക്കാർ നിയോഗിച്ച ഒരു അസിസ്‌റ്റൻഡ് കമ്മീഷണറും സംഘവും നിരവധി തലങ്ങളിൽ വിവാദമാക്കാൻ സാധ്യതയുള്ള ഈ കേസ് അന്വേഷിക്കാൻ മതിയാകുമോ എന്നത് സർക്കാർ ചിന്തിക്കേണ്ടതാണ്. ഫോർട്ട് അസിസ്‌റ്റൻഡ് കമ്മീഷണർ പ്രതാപചന്ദ്രൻ നായരെയാണ് ഇപ്പോൾ കേസന്വേഷണ ചുമതല ഏൽപിച്ചിട്ടുള്ളത്.

Related Read: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ്‌ വാഹനാപകടത്തിൽ മരണപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE