തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപ് വാഹനാപകടത്തിൽ മരണപ്പെട്ടു. തിരുവനന്തപുരം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കാരക്കാ മണ്ഡപത്തിൽ വച്ചാണ് വാഹനാപകടം ഉണ്ടായത്.
സിഗ്‌നലിന് സമീപത്ത് വച്ച് പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോകുകയായിരുന്നു. ഇടിച്ച വാഹനം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു കഴിഞ്ഞു. അപകടത്തിൽ ദുരൂഹത ഉണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്.
തിരുവനന്തപുരം പള്ളിച്ചൽ സ്വദേശിയാണ് പ്രദീപ്. ജയ്‍ഹിന്ദ്, മനോരമ ന്യൂസ്, മീഡിയവൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളിലാണ് മുൻപ് പ്രദീപ് ജോലി നോക്കിയിരുന്നത്. നിലവിൽ സ്വന്തമായി ഒരു യൂട്യൂബ് വാർത്താ ചാനൽ നടത്തുന്നുണ്ട്. കൂടാതെ, ചില ഓൺലൈൻ ചാനലുകളുമായി സഹകരിച്ചു കൊണ്ടുള്ള വാർത്താ പരിപാടികളും പ്രദീപ് ചെയ്‌തിരുന്നു.
Read Also: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; യുപി പോലീസിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്