കോഴിക്കോട്: വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരന്റെ ബാഗും മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നൂറനാട് സ്വദേശി ആസാദ്, മലപ്പുറം സ്വദേശി റഷീദ് എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. കോഴിക്കോട് മേപ്പയൂർ സ്വദേശി ശിവദാസിന്റെ ബാഗും മൊബൈൽ ഫോണുമാണ് മോഷണം പോയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്ളാറ്റ്ഫോമിൽ ബെഞ്ചിൽ ഉറങ്ങുകയായിരുന്ന ശിവദാസിന്റെ പോക്കറ്റിൽ നിന്ന് ഫോണും അരികിൽ ഉണ്ടായിരുന്ന ബാഗും പ്രതികളിൽ ഒരാൾ മോഷ്ടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ മറ്റൊരാൾ എത്തി ബാഗിലെ സാധനങ്ങൾ സഞ്ചിയിലാക്കിയ ശേഷം രണ്ടുപേരും സ്റ്റേഷനിൽ നിന്ന് ഇറങ്ങി പോകുന്നതും ദൃശ്യത്തിൽ ഉണ്ട്.
തന്റെ സാധനങ്ങൾ മോഷണം പോയതറിഞ്ഞ ശിവദാസ് റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുവരെയും പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Most Read: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതിയെ കുറിച്ച് സൂചന








































