പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ തിങ്കളാഴ്‌ച വിധി പറയും. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 ഡിസംബർ 25നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതിനുള്ള തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, അതിക്രൂരമായ കൊലപാതകമല്ലെന്ന് പ്രതിഭാഗം വാദിച്ചു. ഒന്നും പറയാനില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചു. ഇരുഭാഗത്തിന്റെയും വാദം പരിഗണിച്ചാണ് ശിക്ഷാവിധി തിങ്കളാഴ്‌ചത്തേക്ക് മാറ്റിയത്.
2020 ഡിസംബർ 25ന് പാലക്കാട് ജില്ലയിലെ കുഴൽമന്നം പോലീസ് സ്‌റ്റേഷൻ പരിധിയിലെ തേങ്കുറിശ്ശി മാനാംകുളത്താണ് കേരളത്തെ നടുക്കിയ ദുരഭിമാനക്കൊല അരങ്ങേറിയത്. അനീഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രണയ വിവാഹത്തിന്റെ പേരിൽ പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് അനീഷിനെ പൊതുനിരത്തിൽ വെച്ച് വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. പെൺകുട്ടിയുടെ അമ്മാവൻ സുരേഷാണ് ഒന്നാം പ്രതി. അച്ഛൻ പ്രഭുകുമാർ ആണ് രണ്ടാംപ്രതി.
2020 സെപ്‌തംബര്‍ 27നാണ് അനീഷും കേസിലെ രണ്ടാം പ്രതി പ്രഭുകുമാറിന്റെ മകൾ ഹരിതയും വിവാഹിതരായത്. ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഹരിതയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ഇരുവരും വിവാഹം രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. ഇതിന് ശേഷം അനീഷിന് ഭീഷണി ഉണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം ലോക്കൽ പോലീസിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് അനീഷിന്റെ കുടുംബം പറഞ്ഞിരുന്നു.
ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ്, പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് 75 ദിവസം കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. ജാതി വ്യത്യാസവും സാമ്പത്തിക അന്തരവുമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തതിനൊപ്പം ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ