തവനൂർ: കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ഉന്തും തള്ളും സംഘർഷവുമെല്ലാം കേട്ടു മടുത്തവർക്ക് തവനൂരിലുള്ള വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് വരുന്നത് ആശ്വാസമുള്ളൊരു വാർത്തയാണ്. തവനൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃക്കണാപുരം ജിഎൽപി സ്‌കൂളിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ആളുകളുടെ തള്ളിക്കയറ്റമോ, ബഹളമോ, പ്രതിഷേധമോ ഒന്നും തന്നെ ഇവിടെ ഇല്ല. പൊതുവെ ശാന്ത സുന്ദരമായൊരു വാക്‌സിനേഷൻ കേന്ദ്രമാണിത്.
തവനൂർ ആശുപത്രിയിലെ സ്‌ഥലപരിമിതി കണക്കിലെടുത്താണ് കേന്ദ്രത്തിനായി സ്‌കൂൾ തിരഞ്ഞെടുത്തത്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ പ്രത്യേക ഫോൺ നമ്പറുകൾ ഒരുക്കിയിട്ടുണ്ട്. വാക്‌സിനേഷൻ കേന്ദ്രത്തിൽ ടോക്കൺ നൽകി സാമൂഹിക അകലത്തിൽ ഇരിപ്പിടങ്ങളും തയാറാക്കിയിട്ടുണ്ട്. വെയിലും മഴയും ഏൽക്കാതിരിക്കാൻ വിശാലമായ പന്തലും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് വാക്‌സിൻ നൽകാൻ പ്രത്യേക സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ടോക്കൺ സംവിധാനത്തിൽ ഒരു സംഘർഷത്തിനും ഇടവരുത്താതെയാണ് ആളുകൾ ഇവിടെ നിന്ന് വാക്‌സിൻ സ്വീകരിച്ചു മടങ്ങുന്നത്. വാക്‌സിൻ ലഭ്യതക്കനുസരിച്ചാണ് ഇവിടെ ടോക്കൺ നൽകുന്നത്. വാക്‌സിനേഷൻ ഇല്ലാത്ത ദിവസം ഇവിടെ പ്രത്യേക അറിയിപ്പും നൽകാറുണ്ട്. മറ്റു വാക്‌സിനേഷൻ സെന്ററുകൾ തവനൂരിനെ ഒരു മാതൃകയാക്കണമെന്നാണ് അധികൃതർ ഒന്നടങ്കം പറയുന്നത്.
Read Also: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഭീഷണിയായി കാട്ടുതീ വ്യാപനം