ന്യൂഡെൽഹി: ‘ദി കേരള സ്റ്റോറി’യുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ, വിവാദ പരാമർശവുമായി കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. കേരളാ സ്റ്റോറിയെ എതിർക്കുന്നവർ ഭീകരരെ പിന്തുണക്കുന്നവർ ആണെന്ന മന്ത്രിയുടെ പരാമർശമാണ് വിവാദത്തിലായത്. ഹരിയാനയെ ക്ഷത്രിയ മഹാകുംഭ് പരിപാടിയിൽ വെച്ചാണ് കേന്ദ്ര മന്ത്രി വിവാദ പരാമർശം നടത്തിയത്.
കേരളാ സ്റ്റോറി വെറും സിനിമയല്ല. വലിയ ഗൂഢാലോചന പുറത്തു കൊണ്ടുവരുന്ന സിനിമയാണെന്നും മന്ത്രി പരാമർശിച്ചു. സിനിമയെ എതിർക്കുന്നവർ ഐഎസിനെയും പോപ്പുലർ ഫ്രണ്ടിനെയും പിന്തുണക്കുന്നവരാണ്. പെൺകുട്ടികളെ ഭീകരതയിലേക്ക് ആകർഷിക്കുന്നത് എങ്ങനെയാണെന്ന് ചിത്രം വിവരിക്കുന്നുവെന്നും മന്ത്രി വിമർശിച്ചു.
അതേസമയം, ‘ദി കേരള സ്റ്റോറി’ ഇന്ന് രാത്രി ബെംഗളൂരുവിൽ പ്രദർശിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അടക്കമുള്ളവർ സിനിമ കാണാനെത്തും. ബെംഗളൂരു എംജി റോഡിലെ ഗരുഡ മാളിലെ ഐനോക്സിലാണ് സിനിമയുടെ പ്രദർശനം നടക്കുക. രാത്രി 8.45ന് ആണ് സിനിമ പ്രദർശിപ്പിക്കുക. കേരള സ്റ്റോറിയുടെ സ്ക്രീനിങ് കാണാൻ പെൺകുട്ടികൾ എത്തണമെന്ന പ്രത്യേക ക്ഷണവും ബിജെപി നൽകിയിട്ടുണ്ട്.
അതിനിടെ, ‘ദി കേരള സ്റ്റോറി’ സിനിമ തമിഴ്നാട്ടിലെ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചു. തമിഴ്നാട്ടിൽ ചെന്നൈയിൽ 13 തിയേറ്ററുകളിലും കോയമ്പത്തൂരിൽ മൂന്ന് തിയേറ്ററുകളിലുമായി 16 തിയേറ്ററുകളിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി സിനിമക്ക് നേരെ തുടരുന്ന പ്രതിഷേധം കണക്കിലെടുത്ത് തിയേറ്ററുകളുടെ സുരക്ഷ മുൻനിർത്തിയാണ് സിനിമ പിൻവലിക്കുന്നതെന്ന് തിയേറ്റർ ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീധർ അറിയിച്ചു.
Most Read: എഐ ക്യാമറ വിവാദം; അടിസ്ഥാന രഹിതമെന്ന് മന്ത്രി പി രാജീവ്








































