കൊച്ചി: തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ നിർണായക വഴിത്തിരിവ്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ഇതേത്തുടർന്ന് കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
ബുധനാഴ്‌ച രാവിലെ മുതൽ ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്‌തിരുന്നു. പുത്തൻകുരിശ് പോലീസ് ഇതുമായി ബന്ധപ്പെട്ട് പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌തു. പോസ്‌റ്റുമോർട്ടത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ബന്ധുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. കുട്ടിയുടെ അമ്മയെ പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്.
എന്നാൽ, കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് ഇവർ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല. ഭർതൃവീട്ടിൽ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി അമ്മ മൊഴിനൽകിയിരുന്നു. റിമാൻഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിന് പോലീസ് കസ്‌റ്റഡിയിൽ വാങ്ങും. ചെങ്ങമനാട് പോലീസ് ഇതിനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കുഞ്ഞും സഹോദരനും താമസിച്ചിരുന്നത് അച്ഛന്റെ വീട്ടിലാണ്.
കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്ന് താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിക്കുകയാണ്. ഭർതൃഗൃഹത്തിൽ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ച് അമ്മ മൂഴിക്കുളത്ത് എത്തുന്നതുവരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
തിങ്കളാഴ്‌ച മറ്റക്കുഴി അങ്കണവാടിയിലെത്തി കുഞ്ഞിനേയും കൂടെ കൂട്ടിയാണ് അമ്മ സ്വന്തം വീട്ടിലേക്ക് പോയത്. കുട്ടിയുടെ പിതാവ് ഈ വിവരം അമ്മയുടെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. അമ്മ വീട്ടിലെത്തിയപ്പോൾ കുട്ടി കൂടെയുണ്ടായിരുന്നില്ല. കുട്ടിയെ ബസിൽ വെച്ച് കാണാതായെന്ന് പറഞ്ഞതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
മൊഴിയെടുത്തപ്പോൾ അമ്മയുടെ പരസ്‌പര വിരുദ്ധമായ സംസാരത്തിൽ പോലീസിന് സംശയം തോന്നി. രാത്രി എട്ടരയോടെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്കെറിഞ്ഞ് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് അമ്മ കുറ്റസമ്മതം നടത്തിയത്.
ആലുവ ഡിവൈഎസ്‌പി ടിആർ രാജേഷിന്റെ നേതൃത്വത്തിൽ പോലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.
Most Read| പാക്ക് ഹൈക്കമ്മീഷനിലെ ഒരു ഉദ്യോഗസ്‌ഥനെ കൂടി പുറത്താക്കി ഇന്ത്യ