ബെയ്ജിങ്: അഫ്ഗാനിസ്ഥാനിൽ താലിബാൻ താൽകാലിക സർക്കാർ രൂപീകരിച്ചതിനെ പിന്തുണച്ച് ചൈന. യുദ്ധാനന്തര പുനർനിർമാണത്തിന് ആവശ്യമായ നടപടിയാണ് ഇതെന്ന് ചൈന പറഞ്ഞു. അഫ്ഗാനിലെ പുതിയ നേതാക്കളുമായി ആശയവിനിമയം നിലനിർത്താൻ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ വ്യക്തമാക്കി.
അഫ്ഗാനിലെ പുതിയ സർക്കാരിനെ ബെയ്ജിങ് അംഗീകരിക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് വാങ് വെൻബിൻ ഇക്കാര്യം പറഞ്ഞത്. “പുതിയ അഫ്ഗാൻ സർക്കാർ എല്ലാ ജനവിഭാഗങ്ങളെയും പരിഗണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അങ്ങനെ സ്വന്തം ജനതയുടെ അഭിലാഷങ്ങളും അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷകളും നിറവേറ്റാൻ താലിബാൻ സർക്കാരിന് കഴിയുമെന്ന് കരുതുന്നു,”- വാങ് വെൻബിൻ പറഞ്ഞു.
അതേസമയം, അഫ്ഗാനിലെ നിലവിലെ സാഹചര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ; “അഫ്ഗാനിസ്ഥാന്റെ പരമാധികാരവും സ്വാതന്ത്ര്യവും പ്രദേശിക സമഗ്രതയും ഞങ്ങൾ ബഹുമാനിക്കുകയും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്ന തത്വം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു.“
എന്നാൽ, അഫ്ഗാനിസ്ഥാനിൽ താലിബാൻ രൂപീകരിച്ച സർക്കാർ നിയമവിരുദ്ധമാണെന്ന് പഞ്ച്ശീർ പ്രവിശ്യയിലെ താലിബാൻ വിരുദ്ധ സേനയും മുൻ അഫ്ഗാൻ സുരക്ഷാ സേനയും ചേർന്ന നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് (എൻആർഎഫ്) പ്രതികരിച്ചു. രാഷ്ട്രീയക്കാരുമായി കൂടിയാലോചിച്ച ശേഷം സമാന്തര സർക്കാർ പ്രഖ്യാപിക്കുമെന്ന് പഞ്ച്ഷീർ പ്രവിശ്യയിലെ പ്രതിരോധ മുന്നണിയുടെ സഹ നേതാവായ അഹ്മദ് മസൂദ് പറഞ്ഞു.
ജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ ജനാധിപത്യപരവും അന്താരാഷ്ട്ര സമൂഹത്തിന് സ്വീകാര്യവുമായ നിയമാനുസൃത സർക്കാർ സ്ഥാപിക്കുമെന്ന് നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ട് അറിയിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. അഫ്ഗാനിലെ ജനങ്ങളോടുള്ള ശത്രുത വ്യക്തമാക്കുന്നതാണ് താലിബാൻ രൂപീകരിച്ച നിയമവിരുദ്ധ സർക്കാർ. അഫ്ഗാനിസ്ഥാന്റെയും ലോകത്തിന്റെയും സുരക്ഷക്കും സ്ഥിരതക്കും ഇത് കനത്ത വെല്ലുവിളി ആണെന്നും എൻആർഎഫ് പറഞ്ഞു.
Most Read: സമൂഹ മാദ്ധ്യമങ്ങൾ വഴി ഐഎസ് പ്രചാരണം; 3 മലയാളികൾക്ക് എതിരെ എൻഐഎ കുറ്റപത്രം