വാഷിങ്ടൻ: ചൈനയുടെ ഉടമസ്‌ഥതയിലുള്ള ടിക് ടോക്കിനെ വിൽക്കാനൊരുങ്ങി യുഎസ്. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. നാല് ഗ്രൂപ്പുകളുമായി ചർച്ച നടത്തുകയാണെന്ന് ട്രംപ് അറിയിച്ചു. അമേരിക്കൻ കമ്പനിക്ക് ഉടമസ്‌ഥാവകാശം കൈമാറാനാണ് നീക്കം.
ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരിൽ നടപടി നേരിടുന്ന സാമൂഹിക മാദ്ധ്യമ സ്‌ഥാപനമാണ് ടിക് ടോക്ക്. ഇതിന്റെ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാൻസിന് ഇത് വിൽക്കാനുള്ള സമയപരിധി ഏപ്രിൽ 5 എന്നത് നീട്ടുകയോ അല്ലെങ്കിൽ യുഎസിൽ നിരോധനം ഏർപ്പെടുത്തുകയോ ചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
ജനുവരിയിൽ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ടിക് ടോക്കിന് ട്രംപ് 75 ദിവസം കാലാവധി നൽകിയതാണ്. ഈ സമയപരിധി അടുക്കുന്നതിനിടെയാണ് പുതിയ പരാമർശം. ജനുവരി 19ന് കോൺഗ്രസ് നിശ്‌ചയിച്ച സമയപരിധി കഴിഞ്ഞതോടെ ആപ് ഓഫ്‌ലൈനായിരുന്നു. ട്രംപ് അധികാരത്തിൽ വന്നതോടെയാണ് ടിക് ടോക്ക് താൽക്കാലികമായി പ്രവർത്തനക്ഷമമായത്.
ടിക് ടോക്ക് വിൽപ്പനയ്‌ക്കുള്ള അവസാന തീയതി വൈകാൻ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. ടിക് ടോക്കിനെ പൂർണമായും നിരോധിക്കാനുള്ള മുൻ സർക്കാരിന്റെ ശ്രമങ്ങളിൽ നിന്നുള്ള ചുവടുമാറ്റമാണ് ട്രംപിന്റെ സമീപനമെന്നാണ് വിലയിരുത്തൽ. ചൈനയുമായി വ്യാപാര സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് സമയപരിധി നീട്ടുന്നതെന്നതും ശ്രദ്ധേയം.
സംയുക്‌ത സംരംഭത്തിലൂടെ ടിക് ടോക്കിന്റെ 50 ശതമാനം ഓഹരികൾ യുഎസ് ഏറ്റെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു. വിൽപ്പന ചർച്ചകളുടെ മേൽനോട്ടത്തിന് വൈസ് പ്രസിഡണ്ട് ജെഡി വാൻസിനെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് മൈക്കൽ വാൾസിനെയും കഴിഞ്ഞ മാസമാണ് ട്രംപ് നിയോഗിച്ചത്.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി