തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ നാളെ കസ്റ്റംസ് ചോദ്യം ചെയ്യും. എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ് റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറിനെ ജയിലില്‍ വച്ചാണ് കസ്റ്റംസ് ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള അനുമതി നിബന്ധനകളോടെ കോടതി കസ്റ്റംസിന് നല്‍കിയത്.
നാളെ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുവാദം ഉണ്ടായിരിക്കുക. പ്രധാനമായും സ്വര്‍ണ്ണക്കടത്ത് കേസുമായും, ഡോളര്‍ കടത്ത് കേസുമായും ബന്ധപ്പെട്ട കാര്യങ്ങളിലാകും കസ്റ്റംസ് ചോദ്യങ്ങള്‍ ഉന്നയിക്കുക. അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ മൊഴിയെടുപ്പ് നടത്താന്‍ പാടുള്ളൂ എന്നും, ഓരോ രണ്ട് മണിക്കൂറിലും അരമണിക്കൂര്‍ ഇടവേള നല്‍കണമെന്നും കോടതി നിബന്ധനകള്‍ വച്ചിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്ത് നടത്തിയത് ശിവശങ്കറിന്റെ അറിവോടെയാണെന്ന സ്വപ്ന സുരേഷിന്റെ മൊഴിയെ തുടര്‍ന്നാണ് കസ്റ്റംസിന്റെ പുതിയ നീക്കം. നാളെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്ന് ഇരു കേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാനുള്ള നീക്കമാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്നുണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം.
Read also : ഭീഷണി വടക്കേ ഇന്ത്യയിൽ മതി, കേരളത്തിൽ വേണ്ട; സുരേന്ദ്രനോട് തോമസ് ഐസക്ക്







































