തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിൽ പുനരന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ശരിവെക്കപ്പെട്ടെന്നും, അതിനാൽ തന്നെ ഇടത് മുന്നണിയും, മുഖ്യമന്ത്രിയും ഈ ആരോപണങ്ങൾക്ക് മറുപടി പറയണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷ് വെളിപ്പെടുത്തലുകൾ നടത്തിയ സാഹചര്യത്തിൽ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ മുഖ്യമന്ത്രി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം സ്വപ്‌നയുടെ ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്നും, തനിക്ക് പറയേണ്ടതെല്ലാം തന്റെ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ശിവശങ്കർ പ്രതികരിച്ചത്.
തന്റെ ജോലിക്കായി സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റിനെ കുറിച്ചും, സ്വർണക്കടത്തിനെ കുറിച്ചും ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് സ്വപ്‌ന വെളിപ്പെടുത്തുന്നത്. കൂടാതെ താൻ പുസ്‌തകം എഴുതുകയാണെങ്കിൽ ശിവശങ്കറുമായുള്ള ബന്ധം തന്നെ ഒരു വാല്യം വരുമെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.
Read also: സ്വപ്‌നയുടെ ആരോപണങ്ങൾ; പരിശോധിക്കാൻ ഒരുങ്ങി കേന്ദ്ര ഏജൻസികൾ