പാലക്കാട്: ഗതാഗതക്കുരുക്ക് ഒഴിയാതെ കൊപ്പം ടൗൺ. റോഡ് നന്നായിട്ടും ഗതാഗതക്കുരുക്കിൽ നിന്ന് യാത്രക്കാർക്ക് മോചനം കിട്ടിയിട്ടില്ല. ടൗണിൽ നിന്ന് കിലോമീറ്ററോളം നീളുന്ന വാഹനങ്ങളുടെ നിര ഇവിടുത്തെ സ്‌ഥിരം കാഴ്‌ചയായി മാറിയിരിക്കുകയാണ്. നൂറുകണക്കിന് യാത്രക്കാരാണ് ടൗണിലെ ഗതാഗതക്കുരുക്ക് മൂലം പെരുവഴിയിൽ അകപ്പെടുന്നത്. പോലീസിന് പലപ്പോഴും ടൗണിലെ ഗതാഗതം നിയന്ത്രിക്കാൻ കഴിയാത്ത അവസ്‌ഥയുമാണ്.
പട്ടാമ്പി-പെരിന്തൽമണ്ണ, വളാഞ്ചേരി-ചെർപ്പുളശ്ശേരി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന പാതയിലെ പ്രധാന ടൗൺ ആണ് കൊപ്പം. തകർന്ന പാതയായിരുന്നു മുൻപ് യാത്രക്കാരുടെ പ്രശ്‌നമെങ്കിൽ ഇപ്പോൾ ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കാണ് ഇവർക്ക് തലവേദനയാവുന്നത്. രാവിലെയും വൈകുന്നേരവുമാണ് ടൗണിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
സിഗ്‌നൽ സംവിധാനവും ഉപയോഗശൂന്യമാണ്. സിഗ്‌നൽ സംവിധാനം പ്രയോജപ്പെടുത്താൻ കഴിഞ്ഞാൽ ഒരു പരിധിവരെ ഗതാഗതക്കുരുക്കിന് പരിഹാരം ആവുമെന്നാണ് വിലയിരുത്തൽ. റോഡിന്റെ ഘടനയുമായി ബന്ധപ്പെട്ടാണ് സിഗ്‌നൽ സംവിധാനം കാര്യക്ഷമമാക്കാൻ കഴിയാത്തത്.
പട്ടാമ്പി ഭാഗത്തു നിന്ന് വളാഞ്ചേരി ഭാഗത്തേക്കും മുളയങ്കാവ് ഭാഗത്തു നിന്ന് പട്ടാമ്പി ഭാഗത്തേക്കും, തിരിച്ചും പോകുമ്പോൾ സ്‌ഥലപരിമിതി ആണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. ഇടതുവശത്തൂടെ സുഗമമായി വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. പാർക്കിങ് സൗകര്യമില്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. വ്യാപാര സ്‌ഥാപനങ്ങളിലേക്കും മറ്റും എത്തുന്നവർ തോന്നിയ പോലെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
അതേസമയം ടൗൺ നവീകരണവുമായി ബന്ധപ്പെട്ട് മൂന്നു കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി അധികൃതർ പറഞ്ഞു. ഇതിന്റെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ വിശദീകരിച്ചു.
Malabar News: ജില്ലയിലെ എൽഡിഎഫ് നിയോജക മണ്ഡലം കൺവെൻഷനുകൾ നാളെ തുടങ്ങും









































