‘പൊന്നാനി മതനിരപേക്ഷത കാത്തുസൂക്ഷിച്ച മണ്ണ്’; പ്രതികരണവുമായി ടിഎം സിദ്ദീഖ്

By Staff Reporter, Malabar News
tm-siddique
ടിഎം സിദ്ദീഖ്
Ajwa Travels

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി നിർണയം പ്രതിഷേധങ്ങൾക്ക് വഴിമരുന്നിട്ട പൊന്നാനി നിയോജക മണ്ഡലത്തിലെ സ്‌ഥാനാർഥി പി നന്ദകുമാറിനെ പിന്തുണച്ച് ടിഎം സിദ്ദീഖ് രംഗത്ത്. നേരത്തെ നന്ദകുമാറിനെ മാറ്റി സിദ്ദീഖിനെ സ്‌ഥാനാർഥിയായി നിർത്തണം എന്ന ആവശ്യം ഉന്നയിച്ച് ഒരുകൂട്ടം ആളുകൾ തെരുവിൽ ഇറങ്ങിയത് പാർട്ടിക്ക് തലവേദന സൃഷ്‌ടിച്ചിരുന്നു. പാർട്ടിയുടെ സ്‌ഥാനാർഥിയെ സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് പ്രതികരണവുമായി രംഗത്തെത്തിയത്.

പാര്‍ട്ടിയില്ലെങ്കില്‍, ടിഎം സിദ്ദീഖ് എന്ന താനില്ല. വ്യക്‌തികളല്ല, പാര്‍ട്ടിയും പാര്‍ട്ടിയുടെ നയപരിപാടികളുമാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. അത് തിരിച്ചറിയാനും ഉള്‍കൊള്ളാനും എല്ലാ പാര്‍ട്ടി അനുഭാവികളും, പ്രവര്‍ത്തകരും തയാറാവണമെന്ന് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ സിദ്ദീഖ് ആവശ്യപ്പെട്ടു.

‘പൊന്നാനി രാജ്യത്തിന് മാതൃകയായ മതനിരപേക്ഷത കാത്തുസൂക്ഷിച്ചിട്ടുള്ള മണ്ണാണ്. ഈ നാടിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ ഏറെ സംഭാവനകള്‍ ചെയ്‌ത, അത് സംരക്ഷിക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച പാര്‍ട്ടിയാണ് സിപിഐഎം. ഒരു മത വര്‍ഗീയ ശക്‌തിയും പൊന്നാനിയില്‍ നിലയുറപ്പിക്കാതിരിക്കാന്‍ പ്രതിജ്‌ഞാബദ്ധരാണ് പൊന്നാനിയിലെ ഇടതുപക്ഷ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍. കേവലമായ രാഷ്‌ട്രീയ വൈകാരിക പ്രകടനങ്ങളെ വര്‍ഗീയ വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നീചവും ക്രൂരവുമാണ്’ പോസ്‌റ്റിൽ പറയുന്നു.

നേരത്തെ പി നന്ദകുമാറിനെ സിപിഎം പൊന്നാനിയിൽ സ്‌ഥാനാർഥിയായി നിർത്താൻ തീരുമാനിച്ചതിന് പിന്നാലെ പരസ്യ പ്രതിഷേധവുമായി ഒരുകൂട്ടം ആളുകൾ രംഗത്ത് വന്നിരുന്നു. തീരദേശ മേഖലയിലെ സിദ്ദീഖിന്റെ പ്രവർത്തന പരിചയം മുൻനിർത്തി അദ്ദേഹത്തെ സ്‌ഥാനാർഥിയായി പരിഗണിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം.

എന്നാൽ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച പാർട്ടി നേതൃത്വം നന്ദകുമാറിനെ തന്നെ പരിഗണിക്കുകയായിരുന്നു. തൊഴിലാളി യൂണിയനുകളിൽ അടക്കം 5 പതിറ്റാണ്ട് കാലത്തെ പ്രവർത്തന പരിചയമുള്ള നന്ദകുമാറിനെ ഏറ്റവും മികച്ച സ്‌ഥാനാർഥിയായാണ് കാണുന്നത്. ഇതോടെ സമ്മർദ്ദ തന്ത്രം വിലപ്പോവില്ലെന്ന് തിരിച്ചറിഞ്ഞ പ്രതിഷേധക്കാർ പലരും പിൻവലിയുകയും ചെയ്‌തു. ടിഎം സിദ്ദീഖ് തന്നെ നേരിട്ട് നന്ദകുമാറിനായി രംഗത്ത് വന്നതോടെ ആത്‌മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ് പാർട്ടി നേതൃത്വം.

Read Also: കലങ്ങിമറിയുന്ന പൊന്നാനി; ഇടത്-വലത് സ്‌ഥാനാർഥി നിർണയം ബിജെപി ഉറ്റുനോക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE