കലങ്ങിമറിയുന്ന പൊന്നാനി; ഇടത്-വലത് സ്‌ഥാനാർഥി നിർണയം ബിജെപി ഉറ്റുനോക്കുന്നു

By Staff Reporter, Malabar News
cpim-inc-bjp
Representational Image
Ajwa Travels

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ മൂന്ന് മുന്നണികളും സ്‌ഥാനാർഥി നിർണയ ചർച്ചകളുടെ തിരക്കിലാണ്. പലയിടത്തും പ്രാദേശിക വികാരങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധങ്ങളും പ്രകടനകളും അരങ്ങേറുന്നുണ്ട്.

എന്നാൽ വ്യക്‌തമായ രാഷ്‌ട്രീയ ബോധ്യവും മതേതര ചിന്തയും വച്ചുപുലർത്തുന്ന പൊന്നാനിയിൽ കഴിഞ്ഞ കാലത്തൊന്നും ഇല്ലാത്ത വിധം പ്രതിഷേധങ്ങൾ ഉയർന്നു വന്നത് സിപിഎമ്മിന് വലിയ തലവേദന സൃഷ്‌ടിക്കുന്നുണ്ട്. എന്താണ് പൊന്നാനിയിൽ സംഭവിക്കുന്നതെന്ന വ്യക്‌തമായ ചിത്രം നൽകാൻ പാർട്ടിക്ക് പോലും കഴിയാത്തിടത്താണ് മണ്ഡലത്തിലെ ഉൾക്കളികൾ ചർച്ചയാവുന്നത്.

നിലവിലെ എംഎൽഎയും സ്‌പീക്കറുമായ പി ശ്രീരാമകൃഷ്‌ണൻ മൽസര രംഗത്ത് ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതോടെയാണ് പൊന്നാനിയിൽ തർക്കങ്ങൾ ആരംഭിച്ചത്. ശ്രീരാമകൃഷ്‌ണനെ മാറ്റി നിർത്തി എന്ന് പറയുന്നതിൽ ശരികേടുണ്ട് താനും. പല കാരണങ്ങൾ കൊണ്ട്, പാർട്ടിയുടെ നയം ഉൾപ്പടെയുള്ള കാര്യങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ ശ്രീരാമകൃഷ്‌ണൻ ഇക്കുറി മാറിനിന്നത്. എന്നാൽ അത് മുതലെടുത്ത് കൊണ്ട് പൊന്നാനിയിൽ പലവിധത്തിലുള്ള ചരടുവലികൾ നടക്കുന്നതിന്റെ സൂചന കഴിഞ്ഞ ദിവസം പ്രകടമായിരുന്നു.

പി നന്ദകുമാറിനെയാണ് സിപിഎം പൊന്നാനിയിൽ സ്‌ഥാനാർഥിയായി നിർത്താൻ തീരുമാനിച്ചത്, പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കനുസരിച്ച് ശക്‌തനായ സ്‌ഥാനാർഥി. മാത്രവുമല്ല, പൊന്നാനി ടൗണിൽ നിന്ന് വെറും 7 കിലോമീറ്ററിനപ്പുറമുള്ള വ്യക്‌തി. സമകാലിക രാഷ്‌ട്രീയ സാഹചര്യത്തിൽ ദേശീയ തലത്തിൽ പോലും പൊരുതിനിൽക്കാൻ കഴിയുന്ന വൈഞ്ജാനിക അടിത്തറ. ചരിത്ര ബോധത്തിലും കാഴ്‌ചപ്പാടിലും ഒരുപടിമുന്നിൽ നിൽക്കുന്ന മൽസരാർഥി. താഴെതട്ടുമുതൽ ഡിപ്ളോമാറ്റിക് തലംവരെ കൈകാര്യം ചെയ്യാൻ കഴിയുന്ന വ്യക്‌തിത്വം ഇത്തരത്തിൽ നിരവധി ഗുണങ്ങളുള്ള പോരാളിയെ തന്നെയാണ് സിപിഎം മുന്നിൽ നിറുത്തിയത്.

2011 മുതൽ നന്ദകുമാർ പ്രാദേശിക രാഷ്‌ട്രീയത്തിൽ നിന്ന് ദേശീയ രാഷ്‌ട്രീയത്തിലേക്ക് മാറിയത് കൊണ്ട് യുവതലമുറക്ക് ആളെ അത്ര ബോധിച്ചിട്ടില്ല എന്നത് മാത്രമാണ്‌ പോരായ്‌മയായി പറയാവുന്നത്. മറ്റെന്തുകൊണ്ടും പൊന്നാനിയുടെ മതേതര ബോധ്യത്തിന് ഉൾകൊള്ളാൻ കഴിയുന്നതും ബിജെപിയുടെ ‘ഹിന്ദുത്വ വർഗീയത’ പറഞ്ഞുള്ള കുത്തിതിരിപ്പിനെ പ്രതിരോധിക്കാനും കഴിയുന്ന സ്‌ഥാനാർഥി തന്നെയാണ് പി നന്ദകുമാർ എന്ന കാര്യത്തിൽ സ്വതന്ത്ര രാഷ്‌ട്രീയ നിരീക്ഷകർക്ക് എതിരഭിപ്രായമില്ല എന്നതാണ് വസ്‌തുത.

എന്നാൽ കഴിഞ്ഞ 2 ദശാബ്‌ദംകൊണ്ടു തീരദേശ മേഖലയിൽ സിദ്ദീഖ് വളർത്തിയെടുത്ത സ്വാധീനം, ഇസ്‌ലാമിക സംഘടനകളുടെ പിന്തുണ, പ്രാദേശിക വൈകാരികത എന്നിവ ഉയർത്തിക്കാട്ടി ടിഎം സിദ്ദീഖിന് വേണ്ടി ഒരുകൂട്ടം ആരാധകർ (പാർട്ടി അണികൾ എന്ന് വിളിക്കാൻ കഴിയാത്ത) പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് പാർട്ടിക്ക് പൊന്നാനി ഒരു തലവേദനയായി മാറിയത്.

‘സമകാലിക രാഷ്‌ട്രീയ സാഹചര്യത്തിൽ’ നന്ദകുമാറിനെ പോലൊരു ശക്‌തനായ സ്‌ഥാനാർഥിയെ മാറ്റി നിർത്തി, പ്രാദേശിക ‘വൈകാരികത’യുടെ അടിസ്‌ഥാനത്തിൽ ഇടതുപക്ഷ നിലപാടുകളെ പിന്നിലേക്ക് തള്ളിമാറ്റി, വ്യക്‌തിപൂജ മുന്നിലേക്കു വരുന്നതിനെ പാർട്ടിനേതൃത്വം പ്രോൽസാഹിപ്പിക്കില്ല എന്നാണ് നിരീക്ഷകരുടെ അഭിപ്രായം. കൂടാതെ, ബിജെപിക്ക് ‘തുരക്കാനായി’ ഒരവസരവും നൽകരുതെന്ന് പാർട്ടി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടും കൂടിയാണ് നന്ദകുമാറിനെ മാറ്റി മറ്റൊരാളെ ചിന്തിക്കാത്തത്.

മാത്രവുമല്ല, പൊന്നാനിയില്‍ പാലോളിക്ക് മുൻപ് തന്നെ പരിഗണനയില്‍ വന്ന പേരാണ് നന്ദകുമാറിന്റേത്. ഏറെ രാഷ്‌ട്രീയ പാരമ്പര്യമുള്ള നന്ദകുമാറിനെ ഇനിയും അവഗണിക്കുന്നത് നീതികേടാണെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നുണ്ട്.

Read Also: ആരാണ് ബിജെപിയെ വളർത്തിയതെന്ന്‌ മുഖ്യമന്ത്രി പറയണം; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി

“ടിഎം സിദ്ദീഖ് മുസ്‌ലിം സംഘടനകൾക്ക് സ്വീകാര്യനാണ്, തീരദേശ മേഖലയിൽ പരിചിതനുമാണ് എന്നിങ്ങനെയുള്ള വാദങ്ങൾ ഉയർത്തുന്നത് പോലും പൊന്നാനിക്ക് നാണക്കേടുണ്ടാക്കും. അത്രമേൽ രാഷ്‌ട്രീയ പ്രബുദ്ധത കാത്തുസൂക്ഷിക്കുന്ന, മതേതരത്വത്തിന് പ്രാധാന്യം നൽകുന്ന നാടിനെ ഘട്ടം ഘട്ടമായി കീറിമുറിക്കേണ്ടത് ബിജെപിയുടെ ആവശ്യമാണ് എന്ന് പലരും മനസിലാക്കുന്നില്ല, പക്ഷെ പാർട്ടി മനസിലാക്കുന്നുണ്ട്” ഒരു മുതിർന്ന പാർട്ടി പ്രവർത്തകൻ പറഞ്ഞു.

പൊന്നാനിയിൽ ഇടതുപക്ഷം ‘പ്രാദേശിക വൈകാരികത’ കണക്കിലെടുത്ത് ടിഎം സിദ്ദിഖിനെ ഇറക്കുകയും, കോൺഗ്രസും മുസ്‌ലിം സ്‌ഥാനാർഥിക്ക് പിന്നാലെ പോവുകയും ചെയ്‌താൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. മാറുന്ന കാലത്ത് അവരുടെ പ്രതീക്ഷക്ക് കാരണങ്ങളുണ്ട് താനും. അടിമുടി ആർഎസ്എസുകാരനായി മാറിയ മെട്രോമാൻ ഇ ശ്രീധരനെ കളത്തിൽ ഇറക്കുകയും ചെയ്യുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് സിപിഎമ്മിലെ വലിയൊരു വിഭാഗം മനസിലാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ ‘നന്ദകുമാറിൽ’ തന്നെ തുടരാനുള്ള തീരുമാനമാകും പാർട്ടിയെടുക്കുക എന്നാണ് സൂചന.

മറ്റൊന്ന്, പാലോളി മൽസരിച്ച സമയം മുതൽ സ്‌ഥാനാർഥി മോഹവുമായി സിദ്ദീഖ് രംഗത്തുണ്ടായിരുന്നു. പിന്നീട് ശ്രീരാമകൃഷ്‌ണൻ മൽസരിച്ചപ്പോഴും പരോക്ഷ സമ്മര്‍ദ്ദതന്ത്രം സിദ്ദീഖ് ഇറക്കിയിരുന്നു. ഇതും സിദ്ദീഖിനെ സ്‌ഥാനാർഥിയാക്കുന്ന കാര്യം ആലോചിക്കാന്‍ കഴിയാത്ത അവസ്‌ഥയിലേക്ക് പാർട്ടിയുടെ സംസ്‌ഥാന നേതൃത്വത്തെ എത്തിക്കാൻ കാരണമായിട്ടുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത്.

പൊന്നാനിയിലെ മതനിരപേക്ഷ മനസിനെ മുറിവേൽപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുതിർന്ന പൊന്നാനിക്കാർ മലബാർ ന്യൂസിനോട് പറഞ്ഞു. പൊന്നാനിയിലെ രാഷ്‌ട്രീയ ഭൂമികയിൽ വലിയ കളങ്കം ഉണ്ടാക്കിയേക്കാവുന്ന കാര്യങ്ങളാണ് നടക്കുന്നത്; അവർ പറയുന്നു. പൊന്നാനിക്ക് വ്യക്‌തമായ രാഷ്‌ട്രീയമുണ്ട്, എന്നാൽ അത് മതാധിഷ്‌ഠിതമല്ല, അതുകൊണ്ടു തന്നെ നന്ദകുമാറിനെ പാർട്ടി തീരുമാനിക്കുകയും പൊന്നാനിയിൽ നിന്ന് പി എൻ വിജയിക്കുകയും ചെയ്യും; അവർ ചൂണ്ടികാണിക്കുന്നു.

Read Also: ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടി; ഇ ശ്രീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE