കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈദ്യ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് മഞ്ഞപ്പിത്തവും കരൾ സംബന്ധമായ ചില പ്രശ്നങ്ങളും സ്ഥിരീകരിച്ചതിനെ തുടർന്ന് അഡ്മിറ്റ് ചെയ്തു. നാളെ വീണ്ടും വൈദ്യ പരിശോധന നടത്തും. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ആറു മണിക്കൂറിലധികം ഡോക്ടർമാരുടെ വിദഗ്ധ സംഘം പ്രതിയെ പരിശോധിച്ചു. ആശുപത്രിയിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് ഷാരൂഖ് സെയ്ഫി. മെഡിക്കൽ കോളേജിലെ വിവിധ വകുപ്പ് മേധാവികൾ നടത്തിയ പരിശോധനയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് ആദ്യഘട്ടത്തിൽ വ്യക്തമായെങ്കിലും പിന്നീട് ലഭിച്ച രക്തപരിശോധനാ റിപ്പോർട്ടിൽ ചില പ്രശ്നങ്ങൾ കണ്ടെത്തുകയായിരുന്നു.
മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് കിടത്തി ചികിൽസ ആവശ്യമെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തിയത്. ഇത് ആശുപത്രിയിൽ എത്തിയ അന്വേഷണ സംഘം തലവൻ എഡിജിപി എംആർ അജിത്ത് കുമാറിനെ അറിയിക്കുകയായിരുന്നു. പ്രതിയുടെ ആരോഗ്യസ്ഥിതി മെച്ചമായിട്ടേ വിശദമായ ചോദ്യം ചെയ്യൽ ഉണ്ടാവുകയുള്ളൂവെന്ന് ഡിജിപി അനിൽകാന്ത് വ്യക്തമാക്കി. സംഭവത്തിൽ ഭീകര ബന്ധം ഉണ്ടോയെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും ഡിജിപി പറഞ്ഞു.
അതേസമയം, ട്രെയിനിന് തീയിട്ടത് മറ്റൊരാൾ നൽകിയ ഉപദേശ പ്രകാരമാണെന്നാണ് ഷാറൂഖ് സെയ്ഫ് പോലീസിന് മൊഴി നൽകിയിട്ടുള്ളത്. ആക്രമണം നടത്തിയാൽ തനിക്ക് നല്ലത് വരുമെന്ന് ഒരാൾ ഉപദേശം നൽകിയെന്നാണ് പ്രതി മഹാരാഷ്ട്ര എടിഎസിന് മൊഴി നൽകിയത്. എന്നാൽ, ഉപദേശം തന്നത് ആരാണെന്ന ചോദ്യത്തിന് ഇയാൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ചോദ്യങ്ങളോട് ഷാരൂഖ് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ വഴി തെറ്റിക്കാൻ നീക്കം നടക്കുന്നതായാണ് പോലീസ് സംശയിക്കുന്നത്.
Most Read: മകൻ അനിൽ ആന്റണിയുടെ തീരുമാനം വേദന ഉണ്ടാക്കി; എകെ ആന്റണി