വയനാട്: ജില്ലയിലെ മുട്ടിലിൽ നടന്ന അനധികൃത മരം മുറിക്കൽ കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എംകെ സമീറിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വയനാട്ടിൽ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്തു നിന്ന് പിടികൂടിയ ഉദ്യോഗസ്ഥനാണ് സമീർ. വാളയാർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റം.
അതേസമയം, മുട്ടിൽ മരം മുറി കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. മരംമുറിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സംഘത്തിന്റെ അന്വേഷണ പരിധിയിൽ ഉണ്ട്.
കേസുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ റിപ്പോർട്ടുകളും പ്രത്യേക സംഘത്തിന് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ടെന്നും പ്രത്യേക സംഘത്തിന് അന്വേഷണ റിപ്പോർട് ലഭിച്ചശേഷം ആരോപണ വിധേയനായ വനം കൺസർവേറ്റർക്ക് എതിരെയുള്ള നടപടി തീരുമാനിക്കുമെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി മന്ത്രി മരവിപ്പിച്ചിരുന്നു. വനം വകുപ്പ് മേധാവിയുടെ ഉത്തരവാണ് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ മരവിപ്പിച്ചത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാൻ ഇന്നലെ തീരുമാനമായിരുന്നു. കൂടുതൽ പരിശോധന ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ ഡികെ പുറത്തിറക്കിയ ഉത്തരവാണ് മന്ത്രി മരവിപ്പിച്ചത്.
Most Read: ലഖിംപൂരിലെ മാദ്ധ്യമ പ്രവർത്തകന്റെ മരണം; പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്വമേധയാ കേസെടുത്തു







































