തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്‌ധ ചികിൽസ ഉറപ്പാക്കാന്‍ പുതിയ സംവിധാനമേര്‍പ്പെടുത്തുന്നു. മെഡിക്കല്‍ കോളേജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് ഒരു വിദഗ്‌ധ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി അത്യാഹിത വിഭാഗത്തില്‍ ചികിൽസക്കെത്തുന്നവര്‍ക്ക് സമയം ഒട്ടും വൈകാതെ എങ്ങനെ ഫലപ്രദമായി ചികിൽസ ലഭ്യമാക്കാം എന്ന് പഠനം നടത്തി. ഇതിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
അപകടത്തില്‍പെട്ട് വരുന്ന രോഗികള്‍ക്കും മറ്റ് രോഗങ്ങളുമായി വരുന്നവര്‍ക്കും ഈ സേവനം ലഭ്യമാകും. ഇവര്‍ക്കുള്ള സര്‍ജറി, തീവ്രപരിചരണം എന്നിവ ഒട്ടും കാലതാമസം വരുത്താതിരിക്കാനാണ് പുതിയ സംവിധാനം. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും സീനിയര്‍ ഡോക്‌ടർമാരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് പുതിയ സംവിധാനം വരുന്നത്.
മെഡിക്കല്‍ കോളേജില്‍ ചെസ്‌റ്റ് പെയിന്‍ ക്‌ളിനിക് ആരംഭിക്കുന്നതാണ്. നെഞ്ച് വേദനയുമായും മറ്റ് ഹൃദസംബന്ധമായ അസുഖങ്ങളുമായും വരുന്നവര്‍ക്ക് ഉടനടി ചികിൽസ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇവരെ പെട്ടന്ന് കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റി അടിയന്തര ചികിൽസ നല്‍കും. കാലതാമസമില്ലാതെ ആവശ്യമായവര്‍ക്ക് ഐസിയു, ആന്‍ജിയോഗ്രാം, ആന്‍ജിയോപ്‌ളാസ്‌റ്റി ചികിൽസകൾ നല്‍കും.
ഇതുകൂടാതെ അപകടങ്ങളില്‍പ്പെട്ട് അതീവ ഗുരുതരാവസ്‌ഥയില്‍ എത്തുന്ന രോഗികള്‍ക്ക് ചികിൽസ ഒട്ടും വൈകാതിരിക്കാന്‍ ചുവപ്പ് ടാഗ് നല്‍കും. ചുവപ്പ് ടാഗ് ഉള്ളവര്‍ക്ക് എക്‌സ് റേ, സ്‌കാന്‍ തുടങ്ങിയ പരിശോധനകള്‍ക്കുള്‍പ്പെടെ ക്യൂ ഇല്ലാതെ ആദ്യ പരിഗണന നല്‍കും. സര്‍ജറി വിഭാഗത്തിന് കീഴില്‍ മറ്റ് വിഭാഗങ്ങളുടെ സഹകരണത്തോടെ ഉടനടി വിദഗ്‌ധ ചികിൽസ ഉറപ്പാക്കും. ശസ്‌ത്രക്രിയ വേണ്ടവര്‍ക്ക് അടിയന്തരമായി ശസ്‌ത്രക്രിയയും നടത്തും.

Most Read: റിന്‍സിയുടെ കൊലപാതകം; പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്








































