വയനാട്: മുട്ടില്‍ മരംമുറിക്കല്‍ കേസിലെ മുഖ്യപ്രതികളുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റോജി അഗസ്‌റ്റിന്‍, ജോസ് കുട്ടി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍ എന്നീ പ്രതികളുടെ കസ്‌റ്റഡിയാണ് ഇന്ന് അവസാനിക്കുന്നത്. നാല് ദിവസത്തേക്കായിരുന്നു സുല്‍ത്താന്‍ ബത്തേരി ഒന്നാംക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇവരെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടത്.
രണ്ടുദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് മരംമുറി നടന്ന മുട്ടിലിലെ സ്‌ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മുട്ടില്‍ സൗത്ത് വില്ലേജിലെ പ്രദേശങ്ങളിലായിരുന്നു വ്യാഴാഴ്‌ച തെളിവെടുപ്പ്.
കസ്‌റ്റഡി കാലാവധി തീരുന്ന പശ്‌ചാത്തലത്തിൽ പ്രതികളെ ഇന്ന് ബത്തേരി കോടതിയില്‍ ഹാജരാക്കും. മരംമുറിക്കലില്‍ ആദ്യം കേസെടുത്ത വനംവകുപ്പും പ്രതികള്‍ക്കായി ഉടന്‍ കസ്‌റ്റഡി അപേക്ഷ സമര്‍പ്പിക്കും. പ്രതികളെ ഓരോരുത്തരെയും പ്രത്യേകമായി അന്വേഷണസംഘം ചോദ്യം ചെയ്‌തു. അഗസ്‌റ്റിന്‍ സഹോദരൻമാരടക്കം ആറുപേരാണ് മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ ഇതിനോടകം അറസ്‌റ്റിലായത്.
കഴിഞ്ഞ മാസം 28നാണ് കേസിലെ മൂന്നു പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. കുറ്റിപ്പുറം പാലത്തില്‍ നിന്ന് തിരൂര്‍ ഡിവൈഎസ്‌പിയാണ് പ്രതികളെ പിടികൂടിയത്.
Most Read: ചന്ദ്രിക പണമിടപാട് കേസ്; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഹാജരാകില്ല








































