വാഷിങ്ടൻ: റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമാഹോക്ക് മിസൈൽ യുക്രൈന് നൽകുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മിസൈലുകൾ യുക്രൈന് നൽകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, നൽകിയേക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി.
കൂടുതൽ സൈനിക ശേഷി ആവശ്യപ്പെട്ട് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി ദിവസങ്ങൾക്ക് മുൻപ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ പ്രതികരണം. ടോമാഹോക്ക് മിസൈലുകളെ കുറിച്ച് റഷ്യയുമായി സംസാരിക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.
മിസൈലുകൾ യുക്രൈന് നൽകുന്നതിനെതിരെ റഷ്യ യുഎസിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംഘർഷം രൂക്ഷമാക്കുമെന്നും, യുഎസ്-റഷ്യ ബന്ധത്തിൽ വലിയ സമ്മർദ്ദമുണ്ടാകുമെന്നും അവർ പറഞ്ഞിരുന്നു. ടോമാഹോക്ക് മിസൈലുകൾക്ക് 2500 കിലോമീറ്റർ ദൂരപരിധിയുണ്ട്. യുക്രൈന് മിസൈലുകൾ ലഭിച്ചാൽ റഷ്യൻ തലസ്‌ഥാനമായ മോസ്‌കോ അവരുടെ ആക്രമണ പരിധിയിൽ വരും.
മിസൈലുകൾ നൽകണമെന്ന് സെലൻസ്‌കിയുടെ ആവശ്യം പരിഗണിച്ചു വരികയാണെന്ന് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വൻസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. മറ്റു ചില യൂറോപ്യൻ രാജ്യങ്ങളും ടോമാഹോക്ക് മിസൈൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം