കറികൾക്ക് രുചി നൽകുന്നതിന് ഒപ്പം തന്നെ ആരോഗ്യ ഗുണങ്ങളും ഏറെയുള്ള ഒന്നാണ് മഞ്ഞൾ. ഇന്ത്യൻ അടുക്കളകളിൽ മഞ്ഞൾ ഇല്ലാതെ ഒരു പാചകവും ഇല്ലെന്ന് തന്നെ പറയാം. ഏറെ ഗുണങ്ങളുള്ള മഞ്ഞൾ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ എന്നിവയൊക്കെയായി പ്രവർത്തിക്കുന്നുണ്ട്.
ഡിസംബർ എത്തിയതോടെ ഇനി തണുപ്പ് കാലത്തിന്റെ വരവ് കൂടിയാണ്. ഈ തണുപ്പ് കാലത്ത് വരാൻ സാധ്യതയുള്ള പല രോഗങ്ങൾക്കും പരിഹാരമായി മഞ്ഞൾ ഉപയോഗിക്കാം. അതിനാൽ തന്നെ ഇനിയുള്ള മാസങ്ങളിൽ നമ്മുടെ നിത്യാഹാരത്തിൽ മഞ്ഞൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സൈനസ് രോഗത്തിന് ശമനം
തണുപ്പ് കാലത്ത് ഉണ്ടാകുന്ന രോഗങ്ങളാണ് സൈനസ്, സന്ധിവേദന, ദഹനപ്രശ്നം, ചുമ, ജലദോഷം എന്നിവ. ഇവക്കെല്ലാം മഞ്ഞളിന്റെ ഉപയോഗത്തിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കും. ഒരു നുള്ള് മഞ്ഞൾപ്പൊടി പാലിലോ, ചായയിലോ ചേർത്ത് കുടിക്കുന്നത് ഈ രോഗങ്ങൾക്ക് പെട്ടെന്ന് ശമനം ഉണ്ടാകാൻ സഹായിക്കും. കൂടാതെ നിത്യവുമുള്ള മഞ്ഞളിന്റെ ഉപയോഗത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറക്കാനും സഹായിക്കും.
അമിത വണ്ണത്തിന് പരിഹാരം
തണുപ്പ് കാലം മിക്കവർക്കും അവധിക്കാലം കൂടിയാണ്. ഇത് ആളുകൾക്കിടയിൽ മടി കൂടാൻ കാരണമാകുന്നുണ്ട്. ഈ മടിയുടെ ഫലമായി ഉണ്ടാകുന്ന വണ്ണം വെക്കലിന് പരിഹാരം കാണാൻ മഞ്ഞൾ ഉപയോഗിക്കാം. ചയാപചയം മെച്ചപ്പെടുത്താനും കരളിന്റെ ആരോഗ്യത്തിനും ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള മഞ്ഞള്‍ ഏറെ ഗുണം ചെയ്യും.
ദഹനവ്യവസ്ഥ മെച്ചപ്പെടുത്തും
തണുപ്പ് കാലത്ത് കൊഴുപ്പും പ്രോട്ടീനും ഏറെ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനും, ചൂടുള്ള പാനീയങ്ങൾ ഇടയ്ക്കിടെ കുടിക്കാനും തോന്നും. ഇത് കൊണ്ട് തന്നെ നമ്മുടെ ദഹനപ്രക്രിയ താളം തെറ്റുന്നതിന് ഇടയാക്കാറുണ്ട്. എന്നാൽ മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്താൻ സാധിക്കും.

ആയുർവേദ ഗുണങ്ങൾ
ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള മഞ്ഞള്‍ ഉള്ളില്‍ ചെല്ലുമ്പോള്‍ ശരീരം ഉള്ളിലെ വിഷാംശം പുറന്തള്ളും. ചര്‍മത്തിന് തിളക്കം നല്‍കാനും ഇതിലൂടെ മഞ്ഞളിനാകും.
പനിക്കും ബെസ്റ്റ്
തണുപ്പ് കാലത്ത് ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് പനി വ്യാപകമാകുന്നത്. ഇതിലൂടെ ഉണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധ ചെറുക്കാനും തൊണ്ട വേദനയ്ക്ക് ആശ്വാസം പകരാനുമെല്ലാം മഞ്ഞള്‍ ചേര്‍ത്ത പാല് സഹായിക്കും.
Read also: ശരീരത്തിന് ഗുണം ചെയ്യാൻ പഴങ്ങൾ കൃത്യ സമയത്ത് കഴിക്കാം








































