ന്യൂഡെൽഹി: പാക്-ഖലിസ്ഥാൻ ബന്ധം ആരോപിച്ച് കേന്ദ്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട അക്കൗണ്ടുകൾക്കെതിരെ നടപടി എടുക്കാത്തതിൽ ട്വിറ്ററിനെ അതൃപ്തി അറിയിച്ച് സർക്കാർ. ഇതേ തുടർന്ന് കമ്പനിക്ക് കേന്ദ്ര ഐടി സെക്രട്ടറി മുന്നറിയിപ്പും നൽകി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ട്വിറ്റര്‍ സ്വന്തം നിയമങ്ങളേക്കാള്‍ രാജ്യത്തെ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്രം വിശദീകരിച്ചു.
കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മുഴുവന്‍ അക്കൗണ്ടുകളും ഉടന്‍ റദ്ദാക്കണമെന്നും ഐടി സെക്രട്ടറി ആവശ്യപ്പെട്ടു. കര്‍ഷക വംശഹത്യയെന്ന ഹാഷ്ടാഗിന്റെ ഉപയോഗം അഭിപ്രായ സ്വാതന്ത്യമോ മാദ്ധ്യമ സ്വാതന്ത്ര്യമോ അല്ലെന്നും സെക്രട്ടറി ചൂണ്ടിക്കാട്ടി. ട്വിറ്റര്‍ പ്രതിനിധികളുമായുള്ള ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലായിരുന്നു ഐടി സെക്രട്ടറിയുടെ പ്രസ്താവന.
അതേസമയം, ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നിയമങ്ങളെ ബഹുമാനിക്കുന്നുവെന്നും ട്വിറ്റര്‍ പ്രതിനിധികള്‍ മറുപടി നൽകി. കേന്ദ്ര ഐടി മന്ത്രാലയം നിർദ്ദേശിച്ച 257 അക്കൗണ്ടുകളിൽ 126 എണ്ണം ഇതുവരെ ട്വിറ്റർ അസാധുവാക്കിയിട്ടുണ്ട്. ബാക്കി അക്കൗണ്ടുകൾ റദ്ദാക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രം മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
മോദി സർക്കാർ കർഷകരുടെ കൂട്ടക്കൊല ലക്ഷ്യമിടുന്നു എന്നർഥം വരുന്ന മോദി പ്ളാനിങ് ഫാർമേഴ്സ് ജീനോസൈഡ് എന്ന ഹാഷ്ടാഗിൽ ട്വീറ്റ് ചെയ്ത അക്കൗണ്ടുകൾക്ക് എതിരെയാണ് നടപടി.
Also Read: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല; ചൈനയുമായി ധാരണ; രാജ്നാഥ് സിംഗ്







































