ന്യൂഡെൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യടക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്റിൽ പറഞ്ഞു. ചൈനയുമായുള്ള ലഡാക് അതിർത്തി സംഘർഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
പാങ്കോങ് തടാകത്തിന് സമീപത്ത് നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ച് ചൈനയുമായി ധാരണയിൽ എത്തിയതായും മന്ത്രി വ്യക്‌തമാക്കി. ചൈനയുമായുള്ള കേന്ദ്ര സർക്കാരിന്റെ നിരന്തര ചർച്ചകളാണ് പാങ്കോങ് തടാകത്തിന്റെ തെക്ക്-വടക്ക് തീരങ്ങളിൽ നിന്ന് സൈന്യത്തെ പിരിച്ചുവിടുന്നത് സംബന്ധിച്ച കരാറിലേക്ക് നയിച്ചതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യസഭയിലായിരുന്നു മന്ത്രിയുടെ പ്രസ്‌താവന.
ചൈനയുടെ നീതിപൂർവമല്ലാത്ത അവകാശവാദങ്ങൾ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഉഭയകക്ഷി ബന്ധം നിലനിർത്തണമെങ്കിൽ ഇരുരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഇടപെടലുകൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. പാകിസ്‌ഥാൻ നിയമവിരുദ്ധമായി ഇന്ത്യയുടെ ഭൂമി ചൈനക്ക് നൽകിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ഇന്ത്യ അംഗീകരിക്കുന്നില്ല. ഇന്ത്യയുടെ വലിയൊരു ഭാഗം ഭൂമി ആവശ്യപ്പെട്ട് ചൈനയും രംഗത്തെത്തിയിരുന്നു. ഇങ്ങനെയുള്ള അനാവശ്യ അവകാശവാദങ്ങൾ സർക്കാർ ഒരിക്കലും സമ്മതിച്ചിട്ടില്ല- മന്ത്രി പറഞ്ഞു.
ലഡാക്കിലും ചൈനയുടെ നീക്കം ഏകപക്ഷീയമായിരുന്നു. എന്നാൽ, നമ്മുടെ പരമാധികാരം നിലനിർത്തുവെന്ന് ഇന്ത്യ ഉറപ്പുവരുത്തുന്നത് തുടരുക തന്നെ ചെയ്യും. ഇന്ത്യയുടെ കരാറുകൾക്കെതിരെ ചൈന യഥാർഥ നിയന്ത്രണ രേഖയിലേക്ക് നീക്കിയിരുന്നു. ഇതിന് ശേഷം ഇന്ത്യയും രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വിപുലമായ സൈനിക ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Also Read: ശശികലക്കെതിരെ സർക്കാർ നീക്കം ശക്‌തം; 350 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി