ന്യൂഡെൽഹി: പാചകവാതകവും വഹിച്ചുള്ള രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്. ഇന്ത്യൻ പതാക ഘടിപ്പിച്ച ബിഡബ്‌ള്യൂ ടൈർ മുംബൈ തീരത്തെത്തും. ബിഡബ്‌ള്യൂ എൽമ് നാളെ മംഗലാപുരത്ത് എത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ഇരു കപ്പലുകളും ഹോർമുസ് കടലിടുക്ക് കടന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇറാന്റെ അനുമതി ലഭിച്ചതോടെയാണ് ഇരു കപ്പലുകളും ഹോർമുസ് കടന്നത്. ഗൾഫ് മേഖലകളിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ ഹോർമുസ് കടക്കാൻ അനുവാദം ലഭിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഏകദേശം 94,000 ടൺ എൽപിജിയാണ് കപ്പലുകളിൽ ഉള്ളത്. ഇത് രാജ്യത്തെ നിലവിലെ മൂന്ന് ദിവസത്തെ എൽപിജി ഇറക്കുമതി ആവശ്യകതയ്‌ക്ക് തുല്യമാണ്.
ഇതോടെ രാജ്യത്തെ എൽപിജി വിതരണം വേഗത്തിലാക്കാം എന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തൽ. നേരത്തെ നാല് എൽപിജി ടാങ്കറുകൾ ഇന്ത്യയിൽ എത്തിയിരുന്നു. പശ്‌ചിമേഷ്യൻ സംഘർഷത്തിന് ശേഷം 2,84,000 ലധികം മെട്രിക്കൽ എൽപിജിയാണ് ഇതുവരെ ഹോർമുസ് കടന്ന് രാജ്യത്തെത്തിയത്.
അതേസമയം, രാജ്യത്ത് ഇന്ധനപ്രതിസന്ധി ഇല്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. ഇന്ധനം ആവശ്യത്തിന് സ്‌റ്റോക്കുണ്ട്. ആരും ആശങ്കപ്പെടേണ്ടതില്ല. എൽപിജി വിതരണം വേഗത്തിലാക്കുമെന്നും പെട്രോൾ, ഡീസൽ എന്നിവയ്‌ക്ക് വില വർധിപ്പിക്കില്ലെന്നും പെട്രോളിയം മന്ത്രാലയം ഇന്നലെ വ്യക്‌തമാക്കിയിരുന്നു.
Most Read| സെൻസസ് 2027 നാളെ മുതൽ; ആദ്യഘട്ടത്തിൽ വീടുകളുടെ വിവരശേഖരണം




































