റായ്‌പൂർ: ഛത്തീസ്‌ഗഡിൽ നക്‌സലൈറ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പടെ രണ്ട് ജവാൻമാർക്ക് വീരമൃത്യു. തിരുവനന്തപുരം നന്ദിയോട് പൊട്ടൻചിറ ഫാം ജങ്ഷനിൽ ആർ വിഷ്‌ണു (35), ശൈലേന്ദ്ര (29) എന്നീ കമാൻഡോകളാണ് കൊല്ലപ്പെട്ടത്. ഏതാനും സൈനികർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. സിആർപിഎഫ് കോബ്ര വിഭാഗം 201 ബറ്റാലിയനിലെ ജവാൻമാരാണ്.
ഛത്തീസ്‌ഗഡിലെ സുഖ്‌മ ജില്ലയിലാണ് നക്‌സലൈറ്റ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തിമ്മപുരം ഗ്രാമത്തിലെ തേകൽഗുഡേം സൈനിക ക്യാംപിനും സിലഗെറിനും ഇടയിലാണ് സംഭവം. സൈനികർ സഞ്ചരിച്ച ട്രക്ക് കടന്നുപോകുന്ന വഴിയിൽ നക്‌സലൈറ്റുകൾ സ്‌ഥാപിച്ച കുഴിബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
ആഴ്‌ചതോറുമുള്ള റേഷൻ വാങ്ങാനായി പോവുകയായിരുന്നു സൈനികർ. ട്രക്കിലും മോട്ടോർ സൈക്കിളുമായാണ് സൈനികർ സഞ്ചരിച്ചിരുന്നത്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സൈനികരുടെ മൃതദേഹങ്ങൾ വനമേഖലയിൽ നിന്ന് മാറ്റിയതായും പോലീസ് അറിയിച്ചു. രഘുവരനും അജിത കുമാരിയുമാണ് വിഷ്‌ണുവിന്റെ മാതാപിതാക്കൾ. ഭാര്യ: നിഖില. ആറും മൂന്നും വയസുള്ള രണ്ട് ആൺകുട്ടികളുണ്ട്.
Most Read| ഒആർ കേളു മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു








































