ന്യൂഡെൽഹി: രണ്ടില ചിഹ്‌നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്‌ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജോസഫ് വിഭാഗം നേതാവ് പിസി കുര്യാക്കോസ് സമര്‍പ്പിച്ച ഹരജി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി തടസഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ടില ചിഹ്‌നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രധാന ആവശ്യം. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ, ജസ്‌റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് ജോസഫ് വിഭാഗത്തിന്റെ ഹരജി പരിഗണിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ ജോസ് കെ മാണി വിഭാഗം മൽസരിക്കുന്നത് തടയാന്‍, ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടും. പിളര്‍പ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ രണ്ടില ചിഹ്‌നം ഉപയോഗിക്കാന്‍ ജോസ് കെ മാണി വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. ഈ നടപടിക്കെതിരെ ജോസഫ് വിഭാഗം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലും പിന്നീട് ഡിവിഷന്‍ ബെഞ്ചിലും നല്‍കിയ ഹരജികള്‍ തള്ളുകയായിരുന്നു.
Read Also: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും






































