കോഴിക്കോട്: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പറമ്പിൽ കടവ് സച്ചിൻ(22), മേരിക്കുന്ന് വപ്പോളിതാഴം അനീഷ്(23) എന്നിവരെയാണ് ചേവായൂർ പോലീസ് സബ് ഇൻസ്പെക്ടർ ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്ന് വിൽപനക്കായി കൊണ്ടുവന്ന 3.25 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. പതിവ് പട്രോളിങ്ങിനിടെ പൂളക്കടവ് ചിൽഡ്രൻസ് പാർക്കിനടുത്തുവെച്ചാണ് പ്രതികളെ പിടികൂടിയത്.
ഗ്രാമിന് 3,000 മുതൽ 5,000 രൂപക്ക് വരെയാണ് വിൽപന നടത്തുന്നതെന്നും, മറ്റ് ലഹരി വസ്തുക്കളെ അപേക്ഷിച്ച് കൈകാര്യം ചെയ്യുന്നതിന് എളുപ്പമായതിനാലാണ് എംഡിഎംഎയുടെ കച്ചവടം നടത്തുന്നതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. വിൽപനക്കായി പ്രതികൾക്ക് മയക്കുമരുന്ന് നൽകിയവരെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതായും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ചേവായൂർ ഇൻസ്പെക്ടർ ചന്ദ്രമോഹനൻ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോഴിക്കോട് ജില്ലയിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പോലീസ് മേധാവി ഡിഐജി എവി ജോർജ് ഐപിസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ ഉടനീളം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജില്ലയിലെ യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യം വെച്ചാണ് അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ലഹരിവസ്തുക്കൾ ജില്ലയിലേക്ക് കടത്തുന്നത്.
Most Read: കൊച്ചി മെട്രോ പാളത്തിലെ ചെരിവ്; അടിത്തറ ബലപ്പെടുത്തൽ പ്രവൃത്തികൾ തുടങ്ങി







































