പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചേലക്കര മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കില്ലെന്നും വിഡി സതീശൻ വ്യക്‌തമാക്കി. ചേലക്കരയിലെ സ്‌ഥാനാർഥി പിൻമാറണമെന്ന ഉപാധിവെച്ചുള്ള ഒരു ചർച്ചയുമില്ലെന്നും സതീശൻ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടെയും ചേലക്കരയിലെയും സ്‌ഥാനാർഥികളെ പിൻവലിക്കണമെന്ന് യുഡിഎഫ് അഭ്യർഥിച്ചിരുന്നു. ചേലക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥിയെ പിൻവലിച്ചാൽ പാലക്കാട്ടെ തന്റെ സ്‌ഥാനാർഥിയെ പിൻവലിക്കാമെന്നാണ് അൻവർ മറുപടി നൽകിയത്. ഈ നിർദ്ദേശം യുഡിഎഫ് നേതൃത്വം തള്ളി.
‘രണ്ട് സ്‌ഥാനാർഥിയെയും പിൻവലിക്കാനാണ് അൻവറിനോട് യുഡിഎഫ് ആവശ്യപ്പെട്ടത്. യുഡിഎഫിനോട് അഭ്യർഥിക്കാൻ അൻവർ പറഞ്ഞു. മുന്നണി അഭ്യർഥിച്ചു. അപ്പോൾ അൻവർ പറഞ്ഞത് ചേലക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥിയെ പിൻവലിക്കണമെന്നാണ്. ഇത്തരം തമാശ പറയരുത്. അൻവർ സൗകര്യമുണ്ടെങ്കിൽ ചെയ്‌താൽ മതി. അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ല’- വിഡി സതീശൻ പറഞ്ഞു.
‘രമ്യ ഹരിദാസിനെ മറ്റാനല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്. അൻവറിന് മുന്നിൽ വാതിൽ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. അൻവർ സ്‌ഥാനാർഥിയെ പിൻവലിച്ചാലും ഇല്ലെങ്കിലും യുഡിഎഫിനെ ബാധിക്കില്ല. അൻവർ ഞങ്ങളുടെ കൂട്ടത്തിലുള്ള ആളല്ല. എൽഡിഎഫിൽ ഉണ്ടായിരുന്ന ആളാണ്’- സതീശൻ വ്യക്‌തമാക്കി.
Most Read| മദ്രസകൾക്കെതിരായ ദേശീയ കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ