ന്യൂഡെല്‍ഹി: കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി പുരാരംഭിക്കുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സര്‍വകലാശാല ഗ്രാന്റ് കമ്മീഷന്‍ (യുജിസി). ഗവേഷണ, മാസ്‌റ്റേഴ്‌സ്, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ശേഷം മറ്റുള്ളവയും ഘട്ടം ഘട്ടമായി തുറക്കുമെന്ന് വ്യാഴാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു.
അതേസമയം ഒരു നിശ്‌ചിത സമയത്ത് ക്‌ളാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം മൊത്തം വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ പകുതിയില്‍ കൂടുതലാകരുതെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
കോവിഡിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാര്‍ച്ച് 16 മുതല്‍ രാജ്യമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സ്‌കൂളുകളും അടച്ചിട്ടിരുന്നു. ഇവ ഒക്‌ടോബര്‍ 15 ന് ശേഷം ഘട്ടംഘട്ടമായി വീണ്ടും തുറക്കാമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്‌ഥാന സര്‍ക്കാരുകളെ അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ദീപാവലിക്ക് ശേഷം നവംബര്‍ 16 മുതല്‍ സര്‍വകലാശാലകളും കോളേജുകളും വീണ്ടും തുറക്കുന്നതായി പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ പതിവായി അണുവിമുക്‌തമാക്കണം എന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും സ്‌ക്രീനിംഗ് ചെയ്യുന്നതിനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശത്തിലുണ്ട്. ക്യാമ്പസിലെ മുഴുവന്‍ പേരും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
Read Also: 2025നകം മൂവായിരം ഇലക്‌ട്രിക് ബസുകൾ
കൂടാതെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ അധ്യാപന സമയം നീട്ടാനും സാമൂഹിക അകലം ഉറപ്പാക്കാന്‍ വിദ്യാര്‍ഥികളെ ബാച്ചുകളില്‍ ഉള്‍പ്പെടുത്തി ആറ് ദിവസത്തെ ഷെഡ്യൂള്‍ പാലിക്കാനും നിര്‍ദ്ദേശിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള ഹാജര്‍ സ്വമേധയാ ആയിരിക്കും. വിദൂരമായി പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്‌ളാസുകള്‍ തുടരാന്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആവശ്യമെങ്കില്‍ ഹോസ്‌റ്റലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പസുകളെ അനുവദിക്കും. എന്നാല്‍ ഒരു മുറിയില്‍ ഒരാള്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളൂ. മാത്രവുമല്ല രോഗലക്ഷണമുള്ള വിദ്യാര്‍ഥികളെ ഹോസ്‌റ്റലുകളില്‍ താമസിക്കാന്‍ അനുവദിക്കുകയും അരുത്.
രോഗലക്ഷണമുള്ളവര്‍ക്കും രോഗികളുമായി സമ്പര്‍ക്കം ഉള്ളവര്‍ക്കും ക്വാറന്റൈന്‍ സൗകര്യങ്ങളും ക്യാമ്പസില്‍ ഒരുക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളുമായോ അംഗീകൃത സ്‌ഥലങ്ങളുമായോ ബന്ധപ്പെടാനുള്ള സൗകര്യമുണ്ടാവണം എന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
Read Also: വനിതാ ടി-20 ചലഞ്ച്; വെലോസിറ്റിക്കെതിരെ ജയം സ്വന്തമാക്കി ട്രെയല്‍ ബ്‌ളെയ്സേഴ്‌സ്







































