
ലഖ്നൗ: ഹത്രസിൽ ക്രൂര പീഡനത്തിനിരയായി 19കാരി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തുന്നതിനിടെ യോഗി ആദിത്യനാഥ് സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണ് ഉത്തർപ്രദേശ് പോലീസ്.
കൊല്ലപ്പെട്ട പെൺകുട്ടിക്കും അവളുടെ കുടുംബത്തിനും നീതി നേടിക്കൊടുക്കുന്നതിനു പകരം കുടുംബത്തേയും പ്രതിഷേധക്കാരെയും പ്രതികൂട്ടിൽ നിർത്തികൊണ്ടുള്ള നടപടികളാണ് യുപി പോലീസ് കൈക്കൊള്ളുന്നത്.
ഹത്രസ് പ്രതിഷേധക്കാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കുടുംബത്തിനെതിരെ പുതിയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യുപി പോലീസ്.
യോഗി ആദിത്യനാഥ് സർക്കാരിനെതിരെ അസത്യങ്ങൾ പറയാൻ പെൺകുട്ടിയുടെ കുടുംബത്തിന് ചിലർ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു എന്നാണ് യുപി പോലീസിന്റെ പുതിയ ആരോപണം. ഈ ആരോപണം ഉന്നയിച്ച് പുതിയ എഫ്ഐആറും തയ്യാറാക്കിയിട്ടുണ്ട്.
സബ് ഇൻസ്പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ആരാണ് തുക വാഗ്ദാനം ചെയ്തത് എന്ന് വ്യക്തമാക്കാൻ പോലീസ് തയ്യാറായില്ല.
ഉത്തർപ്രദേശിൽ ജാതി കലാപം അഴിച്ചുവിടാനും ശ്രമം നടന്നതായി എഫ്ഐആറിൽ ആരോപണമുണ്ട്. പേരറിയാത്ത ഒരു മാദ്ധ്യമ പ്രവർത്തകൻ പെൺകുട്ടിയുടെ സഹോദരനെ സ്നേഹം നടിച്ച് വശത്താക്കി യുപി സർക്കാരിൽ തങ്ങൾ തൃപ്തരല്ലെന്ന് പറയാൻ പ്രേരിപ്പിച്ചുവെന്നും എഫ്ഐആറിൽ ആരോപിക്കുന്നുണ്ട്. ഹത്രസ് സംഭവത്തിൽ സംസ്ഥാനത്താകെ 19 എഫ്ഐആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്
അതേസമയം, ഹത്രസ് സംഭവത്തിൽ യുപി സർക്കാരിന്റേയും പോലീസിന്റെയും ഭാഗത്തു നിന്ന് ഗുരുതര വീഴ്ച പറ്റിയതിന് ഓരോ ദിവസവും പുതിയ തെളിവുകൾ പുറത്തു വരുന്നുണ്ട്. ഇതിനിടയിലാണ് പെൺകുട്ടിയുടെ കുടുംബത്തെ സംശയ നിഴലിൽ നിർത്താനും പ്രതിഷേധക്കാരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുമുള്ള ശ്രമം പോലീസ് നടത്തുന്നത്. ഹത്രസ് സംഭവത്തിൽ യോഗി സർക്കാരിനും ബിജെപിക്കും എതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ മുനയൊടിക്കുകയും പ്രതിഷേധക്കാരെ ഭയപ്പെടുത്തുകയും ആണ് പുതിയ എഫ്ഐആറിന്റെ ലക്ഷ്യമെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു.







































