ലഖ്നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ എഐഎംഐഎം 100 സീറ്റുകളിലേക്ക് മൽസരിക്കുമെന്ന് വ്യക്തമാക്കി അസദുദ്ദീൻ ഒവൈസി. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞുവെന്നും ഒവൈസി പറഞ്ഞു.
ഓം പ്രകാശ് രാജ്ഭറുടെ ഭാഗീദരി സങ്കൽപ്പ് മോർച്ചയുമായി എഐഎംഐഎം സംഖ്യത്തിലാണെന്നും മറ്റ് പാർട്ടികളുമായൊന്നും സംഖ്യ ചർച്ചകൾ നടന്നിട്ടില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.
നേരത്തെ മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിയുമായി ഒവൈസിയുടെ പാർട്ടി സംഖ്യം ചേരുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെ തള്ളി കഴിഞ്ഞ ദിവസം മായാവതി തന്നെ രംഗത്തെത്തിയിരുന്നു. യുപിയിലും ഉത്തരാഖണ്ഡിലും ബിഎസ്പി ഒരുപാർട്ടിയുമായും സംഖ്യം ചേരില്ലെന്നും പഞ്ചാബിൽ ശിരോമണി അകാലിദളുമായി മാത്രമാണ് പാർട്ടിക്ക് സംഖ്യമുള്ളതെന്നും അവർ അറിയിച്ചിരുന്നു.
403 മണ്ഡലങ്ങളാണ് യുപിയിലുളളത്. നിലവിലെ ഭരണപക്ഷമായ ബിജെപി, കോൺഗ്രസ്, ബിഎസ്പി, അഖിലേഷ് യാദവ് നയിക്കുന്ന സമാജ്വാദി പാർട്ടി എന്നിവയാണ് യുപിയിലെ പ്രധാന കക്ഷികൾ. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നാകും ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്.
Most Read: 18 പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനം; ആശങ്ക പ്രകടിപ്പിച്ച് അധികൃതർ







































