ലഖ്‌നൗ: ഹത്രസിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്‌ട്രേറ്റിനെ ഉത്തർപ്രദേശ് സർക്കാർ സ്‌ഥലം മാറ്റി. ഹത്രസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്ഷർ ഉൾപ്പടെ 16 ഐഎഎസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി വ്യാഴാഴ്‌ചയാണ് ഉത്തരവിറക്കിയത്.
മിർസാപൂരിലേക്കാണ് പ്രവീൺ കുമാർ ലക്ഷറിനെ സ്‌ഥലം മാറ്റിയത്. യുപി ജൽ നിഗം അഡീഷണൽ എംഡി രമേശ് രഞ്‌ജൻ ഹത്രസിന്റെ പുതിയ ജില്ലാ മജിസ്ട്രേറ്റ് ആകും.
ഹത്രസിൽ 19കാരിയെ നാല് പേർ ചേർന്ന് കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പെൺകുട്ടിയുടെ കുടുംബത്തെ ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്ഷർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. മരിച്ച പെൺകുട്ടിയുടെ പിതാവിനെയാണു ലക്ഷർ ഭീഷണിപ്പെടുത്തിയത്. മാദ്ധ്യമങ്ങൾ ഉടൻ ഇവിടെനിന്നു പോകുമെന്നും പിന്നെ ഞങ്ങൾ മാത്രമേ ഉണ്ടാകൂ എന്നും പ്രവീൺ കുമാർ പറയുന്നതിന്റെ വീഡിയോയാണു പ്രചരിച്ചത്.
എന്നാൽ ഇതിന് ശേഷവും ലക്ഷറിന് എതിരെ നടപടി സ്വീകരിച്ചിരുന്നില്ല. ജില്ലാ മജിസ്‌ട്രേറ്റിനെതിരെ ഉത്തർപ്രദേശ് സർക്കാർ നടപടിയെടുക്കാത്തതിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് നവംബറിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സെപ്റ്റംബർ 14നാണ് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായത്. പിന്നീട് ഡെൽഹിയിലെ സഫ്‌ദർജങ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ സെപ്റ്റംബർ 29ന് മരണത്തിന് കീഴടങ്ങി. മാതാപിതാക്കളെയും ബന്ധുക്കളെയും അവസാനമായി കാണിക്കുക പോലും ചെയ്യാതെ രാത്രിയിൽ തന്നെ പോലീസ് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
അവിടംകൊണ്ടും ക്രൂരത അവസാനിപ്പിച്ചില്ല, പെൺകുട്ടി പീഡിപ്പിക്കപെട്ടിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പോലും ഭരണകൂടവും പോലീസും ഡോക്‌ടർമാരും ചേർന്ന് ഉണ്ടാക്കി. മാദ്ധ്യമങ്ങൾക്കും ജനപ്രതിനിധികൾക്കും ഹത്രസിൽ വിലക്ക് ഏർപ്പെടുത്തി. വിലക്ക് ലംഘിച്ച് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ശ്രമിച്ച എംപിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളെയും രാഷ്‌ട്രീയ നേതാക്കളെയും റോഡിൽ വലിച്ചിഴച്ചു. ജീവിച്ചിരുന്നപ്പോഴും മരണ ശേഷവും പെൺകുട്ടിയോട് യുപി സർക്കാരും പോലീസും കാണിച്ചത് നീതി നിഷേധമായിരുന്നു.
Also Read: പ്രതീക്ഷ; രാജ്യത്ത് കോവിഷീല്‍ഡ് ഉപയോഗത്തിന് വിദഗ്ധ സമിതിയുടെ അനുമതി







































