ലഖ്‌നൗ: ജാതിയുടെയും മതത്തിന്റെയും രാഷ്‌ട്രീയമാണ് ഉത്തർപ്രദേശിലെ മോശം അവസ്‌ഥക്ക് കാരണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മൂന്ന് പതിറ്റാണ്ടായി കോൺഗ്രസ് ഇതര സർക്കാരുകൾ വികസനത്തിന്റെ വലിയ അവകാശവാദങ്ങളല്ലാതെ മറ്റൊന്നും ചെയ്‌തിട്ടില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും പ്രിയങ്ക വിമർശനം ഉന്നയിച്ചു. സംസ്‌ഥാനത്തെ കർഷകർ നേരിടുന്ന, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലി ശല്യത്തെ പ്രധാനമന്ത്രിക്ക് എങ്ങനെ അവഗണിക്കാൻ കഴിയുമെന്നും പ്രിയങ്ക ചോദിച്ചു.
“യുപി പുരോഗതി പ്രാപിക്കുമായിരുന്നു, പക്ഷേ ബിജെപി പരസ്യങ്ങൾക്ക് വേണ്ടി മാത്രമേ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുള്ളൂ. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും എല്ലാം ബിജെപിക്കാരാണ്, എന്നാൽ വികസനത്തിന്റെ പേരിൽ ഇവിടെ ഒന്നുമില്ല, എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്, കഴിഞ്ഞ 30 വർഷമായി ഇവിടെ നടക്കുന്നത് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള രാഷ്‌ട്രീയമാണ് എന്നതാണ് അതിന്റെ ഉത്തരം,”- പണിയറയിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രിയങ്ക പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളുടെ വികാരങ്ങൾ മുതലെടുത്തുകൊണ്ട് മാത്രമാണ് ബഹുജൻ സമാജ് പാർട്ടിക്കും സമാജ്‌വാദി പാർട്ടിക്കും ബിജെപിക്കും സർക്കാരുണ്ടാക്കാൻ കഴിഞ്ഞതെന്നും അതിനാൽ സംസ്‌ഥാനം വികസനം കണ്ടില്ലെന്നും അവർ ആരോപിച്ചു.
“ജോലി ചെയ്യേണ്ട ആവശ്യമില്ല എന്നത് അവരുടെ (നേതാക്കളുടെ) ശീലമാക്കിയതിൽ നിങ്ങൾ എല്ലാവരും തെറ്റുകാരാണ്. നിങ്ങളുടെ കുട്ടികൾ തൊഴിൽ രഹിതരായാലും വൈകാരിക വിഷയങ്ങളിൽ കണ്ണടച്ച് നിങ്ങൾ അവർക്ക് വോട്ട് ചെയ്യും,” പ്രിയങ്ക വോട്ടർമാരെ അഭിസംബോധന ചെയ്‌ത് പറഞ്ഞു.
“അവർ ഇവിടെ വന്ന് പാകിസ്‌ഥാനെക്കുറിച്ചും തീവ്രവാദത്തെക്കുറിച്ചും ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും സംസാരിക്കുന്നു, പക്ഷേ ആരും നിങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല,”- ബിജെപി നേതാക്കളെ കടന്നാക്രമിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു. അലഞ്ഞുതിരിയുന്ന കന്നുകാലി ശല്യത്തിന് പരിഹാരം കാണാൻ ഛത്തീസ്ഗഢ് മാതൃക നടപ്പാക്കാമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
കർഷകരിൽ നിന്ന് സർക്കാർ ചാണകം ശേഖരിക്കുന്നതാണ് ഛത്തീസ്ഗഢ് മാതൃക. അതിന്റെ ഫലമായി അവർ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പരിപാലിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നു.
Most Read: ദൈർഘ്യമേറിയ യുദ്ധത്തിന് ഒരുങ്ങിയിരിക്കുക; മുന്നറിയിപ്പുമായി ഫ്രഞ്ച് പ്രസിഡണ്ട്