ലഖ്നൗ: ഗൊരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഡോ. കഫീല്‍ ഖാനെതിരെ ആരംഭിച്ച പുനരന്വേഷണം നിർത്തലാക്കിയതായി യുപി സര്‍ക്കാര്‍. അലഹബാദ് ഹൈക്കോടതിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കിയിരുന്നു. നാല് വര്‍ഷത്തിലേറെയായി കഫീൽ ഖാന്റെ സസ്പെന്ഷൻ തുടരുന്നതിന് ന്യായീകരണം എന്താണെണെന്ന് ജൂലൈ 29ന് അലഹബാദ് ഹൈക്കോടതി ചോദിച്ചിരുന്നു. തുടർന്നാണ് പുനരന്വേഷണം പിന്‍വലിച്ചതായി യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
2017ലാണ് ഗൊരഖ്പൂർ ബിആർഡി മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ 63 കുഞ്ഞുങ്ങൾ മരിച്ചത്. അന്ന് ഡോ. കഫീൽ ഖാന്റെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും, ഓക്സിജൻ സിലിണ്ടറുകളുടെ വാങ്ങൽ പ്രക്രിയയിൽ ഖാൻ അഴിമതി കാണിച്ചു എന്നും ആരോപിച്ച് സർക്കാർ നടപടിയെടുത്തിരുന്നു.
സംഭവം നടക്കുമ്പോൾ ഡോ. ഖാൻ അല്ലായിരുന്നു ആശുപത്രിയിലെ എൻസഫലൈറ്റിസ് വാർഡിന്റെ നോഡൽ ഓഫീസർ എന്നും, യാതൊരു ചുമതലകളും ഇല്ലാതിരുന്നിട്ടുകൂടി ഡോ. ഖാൻ കുട്ടികൾ മരിക്കാതിരിക്കാൻ വേണ്ടി സ്വന്തം ചെലവിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നു എന്നും പിന്നീട് വന്ന അന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുത്തപ്പെട്ടിരുന്നു. നിരപരാധിയായ ഡോ. ഖാന് ജയിലിൽ ചെലവിടേണ്ടി വന്നത് നീണ്ട ഒമ്പതു മാസങ്ങളാണ്. എന്നാൽ, 2019 ഒക്ടോബറിൽ കഫീൽ ഖാനെതിരെ യുപി സർക്കാർ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണ കമ്മീഷന് തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും സർക്കാർ വിരുദ്ധ പ്രസ്താവനകൾ നടത്തിയെന്നുമായിരുന്നു ആരോപണം.
ഇതിനെ എതിർത്ത് കഫീൽ ഖാൻ സമർപ്പിച്ച ഹരജിയിൽ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമ ജൂലൈ 29ന് വാദം കേട്ടിരുന്നു. താൻ ഒഴികെ, അന്ന് സസ്പെൻഡ് ചെയ്ത മുഴുവൻ പേരെയും തിരിച്ചെടുത്തതായി ഡോ. ഖാൻ കോടതിയെ അറിയിച്ചു. തുടർന്നാണ് നാല് വർഷത്തിലേറെയായി സസ്പെൻഷൻ തുടരുന്നത് എന്തിനെന്ന് വിശദീകരിക്കാൻ കോടതി നിർദേശിച്ചത്. ശേഷം വെള്ളിയാഴ്ച വീണ്ടും വാദം കേട്ടപ്പോഴാണ് കഫീൽ ഖാനെതിരായ തുടരന്വേഷണം പിൻവലിച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്.
കഴിഞ്ഞവർഷം അലിഗഢ് സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിനും കഫീൽ ഖാനെ യുപി സർക്കാർ തടവിലാക്കിയിരുന്നു. ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തിയ ഈ കേസിൽ കോടതിയുടെ ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്.
Read also: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു






































